ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 362 റണ്‍സിന്റെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.
സെമി ഫൈനലിലെ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വില്യംസണെ തേടിയെത്തിയത്. ഏകദിന ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടന്ന ട്രൈ നേഷന്‍ സീരീസിലാണ് വില്യംസണ്‍ ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ഫെബ്രുവരി പത്തിന് ഇതേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 133 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 2019ലാണ് വില്യംസണും സൗത്ത് ആഫ്രിക്കയും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ജൂണ്‍ 19ന് ബെര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ 138 പന്ത് നേരിട്ട താരം പുറത്താകാതെ 106 റണ്‍സാണ് സ്വന്തമാക്കിയത്.
ഈ രണ്ട് മത്സരത്തിലും ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു എന്നതും വില്യംസണെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമായിരുന്നു.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് നേടി.
ആദ്യ വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് പ്രോട്ടിയാസിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 23 പന്തില്‍ 21 റണ്‍സുമായി നില്‍ക്കവെയാണ് യങ് പുറത്താകുന്നത്.
വണ്‍ ഡൗണായി വില്യംസണെത്തിയതോടെ കിവീസ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. രണ്ടാം വിക്കറ്റില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 212ല്‍ നില്‍ക്കവെ രചിന്‍ രവീന്ദ്രയെ പുറത്താക്കി കഗീസോ റബാദയാണ് കൂട്ടുകെട്ട് പൊളിച്ചത്. 13 ഫോറും ഒരു സിക്‌സറുമടക്കം 106.93 സ്‌ട്രൈക് റേറ്റിലാണ് താരം 108 റണ്‍സ് നേടിയത്.
മിച്ചലിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്താണ് ഗ്ലെന്‍ ഫിലിപ്‌സ് ടീം സ്‌കോര്‍ 350 കടത്തിയത്. ആറ് ഫോറും ഒരു സിക്‌സറും അടക്കം 27 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിങ്‌സും നിര്‍ണായകമായി.
NZ’s highest ever ODI total against South Africa. 100s from Rachin Ravindra (107) and Kane Williamson (102), alongside contributions from Daryl Mitchell (49 from 37) and Glenn Phillips (49 from 27). Watch LIVE in NZ on @skysportnz 📺 LIVE scoring | https://t.co/jkQGB3IJ2G 📲 pic.twitter.com/08W0Bp6Hhx
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് കിവീസ് 362ലെത്തി.
പ്രോട്ടിയാസിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദ രണ്ട് കിവീസ് താരങ്ങളെ മടക്കിയപ്പോള്‍ വിയാന്‍ മുള്‍ഡറാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Champions Trophy 2025: Semi Final: NZ vs SA: Kane Williamson becomes the 1st batter to score 3 consecutive ODI centuries against South Africa