ബെംഗളൂരൂ: കര്‍ണാടക രാഷ്ട്രീയം അസ്ഥിരതയിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്ക് ഒരിളക്കവുമില്ലെന്നും സര്‍ക്കാര്‍ ശക്തവും സുസ്ഥിരവുമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ തകരാന്‍ പോവുകയാണെന്നും ബി.ജെ.പി അനുകൂല തരംഗം ആഞ്ഞടിക്കുകയാണെന്നുമുളള മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ കര്‍ണാടകയില്‍ കസേരകള്‍ ആടുന്നില്ല. ഇവിടുത്തെ ഓരോ കസേരയും ശക്തവും സ്ഥിരതയുള്ളതുമാണ്. പ്രധാനമന്ത്രി മോദി എന്താണ് കാണുന്നതെന്നെനിക്കറിയില്ല,’ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഭരണ വിരുദ്ധ വികാരം നിലവിലുണ്ടെന്നും മോദി പറഞ്ഞിരുന്നു. ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലവില്‍ കര്‍ണാടകയില്‍ ഉള്ളതെന്നും സര്‍ക്കാര്‍ തകരാന്‍ പോവുകയും മുഖ്യമന്ത്രി കസേര ആടുന്നുണ്ടെന്നും മോദി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും മോദി പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി എവിടെയെന്നും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡി.എം.കെയെ പിന്നില്‍ നിന്ന് കുത്തിയെന്നും മോദി പറഞ്ഞു.
എന്നാല്‍ ടി.വി.കെയ്ക്ക് പിന്തുണ നല്‍കിയത് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടിയാണെന്നും മതേതര ശക്തികളെയാണ് വേണ്ടതെന്നും ശിവകുമാര്‍ പറഞ്ഞു.
മന്ത്രി ഡി. സുധാകറിന്റെ മരണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹം വിശാലമായമനസിനുടമയായിരുന്നുവെന്നും സര്‍ക്കാരിന് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അസുഖ ബാധിതനായി കര്‍ണാടക ആസൂത്രണ സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് മന്ത്രിയായ ഡി. സുധാകര്‍ മരണപ്പെട്ടത്. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുധാകര്‍. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Content Highlight: Chairs are not shaking in Karnataka; I don’t know what the Prime Minister is seeing: DK Shivakumar against Modi’s remarks
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.