അങ്കണവാടി ജീവനക്കാരും ഉപഭോക്താക്കളും ആധാര്‍ വിവരം നല്‍കിയില്ലെങ്കില്‍ ഫണ്ട് നല്‍കില്ല; സംസ്ഥാന സര്‍ക്കാര്‍ ആശങ്കയില്‍
Governance and corruption
അങ്കണവാടി ജീവനക്കാരും ഉപഭോക്താക്കളും ആധാര്‍ വിവരം നല്‍കിയില്ലെങ്കില്‍ ഫണ്ട് നല്‍കില്ല; സംസ്ഥാന സര്‍ക്കാര്‍ ആശങ്കയില്‍
ഗോപിക
Friday, 20th April 2018, 9:50 pm

സംസ്ഥാനത്തെ ദാരിദ്ര നിര്‍മാര്‍ജനത്തിന് പരിഹാരമെന്നോണം നിലവില്‍ വന്ന പദ്ധതികളുടെ ഭാഗമാണ് അങ്കണവാടികളുടെ രൂപീകരണവും പ്രചരണവും, ഗ്രാമീണ ജനതയുടെ സാക്ഷരത വര്‍ധിപ്പിക്കുകയെന്നതിലുപരി പ്രദേശത്തെ കുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിനായുള്ള പോഷകാഹാര വിതരണവും മറ്റ് വികസന പരിപാടികളുടെ ഏകോപനവും ഈ സ്ഥാപനങ്ങള്‍ വഴി നടത്താനായിരുന്നു ഇത്തരം സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്ത ഭരണകര്‍ത്താക്കളുടെ ലക്ഷ്യം. എന്നാല്‍ ഇവ നടത്തിപ്പിലെ ക്രമക്കേടുകള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുകയാണ്.

ആവശ്യത്തിന് കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടുന്ന അങ്കണവാടികള്‍ ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ മേഖല നേരിടുന്നുണ്ട്. ശമ്പള വര്‍ധനവിന്റെ പേരില്‍ അങ്കണവാടി ജീവനക്കാരായ ഹെല്‍പ്പര്‍മാരും ടീച്ചര്‍മാരും നടത്തിയ പ്രതിഷേധങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയാണ് ഈ സ്ഥാപനങ്ങള്‍ നേരിടുന്നത്.


ALSO READ: ജല അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി അട്ടിമറിക്കാന്‍ നീക്കം; പിന്നില്‍ സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലെന്ന് ആക്ഷേപം


നിലവിലെ സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെയും അവിടുത്തെ ഗുണഭോക്താക്കളുടെയും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് മതിയായ പ്രതികരണങ്ങള്‍ ലഭിക്കുന്നില്ല. ഇത്തരത്തില്‍ ആധാര്‍ നമ്പറുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് വനിതാ ശിശു ക്ഷേമ വകുപ്പാണ് പുറത്തിറക്കിയത്. ഈ നിര്‍ദ്ദേശ പ്രകാരം ഈ മാസം 25 നുള്ളില്‍ അങ്കണവാടി ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും ആധാര്‍ വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പ്രസ്തുത നിയമപ്രകാരം അങ്കണവാടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയായി യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ആധാര്‍വിവരങ്ങള്‍ കൂടാതെ പ്രസ്തുത അങ്കണവാടിയില്‍ നിന്ന് വിവിധ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെയും ആധാര്‍ സര്‍ക്കാര്‍ രേഖകളിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു കഴിഞ്ഞ മാസം പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഉത്തരവ് വന്ന് ഒരുമാസമായിട്ടും നടപടികള്‍ ഒന്നും തന്നെ ഉണ്ടായതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിര്‍ദ്ദേശം നല്‍കി ഒരു മാസം നല്‍കിയിട്ടും നടപടികള്‍ വൈകുന്നതിനാല്‍ കേന്ദ്രഫണ്ട് നിര്‍ത്തലാക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍.

ആറുമാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍, മൂന്നുമുതല്‍ ആറുവയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ എന്നിവരെക്കൂടാതെ ഗര്‍ഭിണികളും അങ്കണവാടികളുടെ പ്രധാന ഉപഭോക്താക്കളാണ്. ഇതു കൂടാതെ അതത് അങ്കണവാടികള്‍ നിലനില്‍ക്കുന്ന പ്രദേശത്തെ കൗമാരക്കാരും പദ്ധതിയുടെ ഭാഗമാണ്. ഇവരുടെയടക്കം ആധാര്‍ വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ പറ്റി പൊതുവെ പ്രതികരണം കുറവാണ്.


MUST READ: വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കോളേജ് അലമാരയില്‍ കെട്ടിക്കിടക്കുന്നു; മൂല്യനിര്‍ണ്ണയത്തിന് അയച്ചില്ല; കൂട്ടത്തോല്‍വിയുമായി വിദ്യാര്‍ത്ഥികള്‍


നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ അങ്കണവാടി ഉപഭോക്താക്കളില്‍ 50 ശതമാനം മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളു. വൈകാതെ തന്നെ മൊത്തം ആധാര്‍ വിവരങ്ങളും സര്‍ക്കാരിന് നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കുന്ന ഫണ്ടുകള്‍ നല്‍കാന്‍ കഴിയിലല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം ഈ വിവരങ്ങളെപ്പറ്റിയുള്ള അറിവുകള്‍ അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്ക് വളരെ വിരളമാണ്. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫണ്ട് നല്‍കില്ല എന്ന രീതി കിട്ടിയ ഉത്തരവില്‍ പറയുന്നില്ല. നിലവില്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കര്‍ശനമാക്കുകയാണെന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ തന്നെ ചെയ്യുമെന്നാണ് കോഴിക്കോട് വടകര അങ്കണവാടി ടീച്ചറായ ബീന ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഇതേ അവസ്ഥ തന്നെയാണ് അങ്കണവാടി സൂപ്പര്‍വൈസറായ വിമലയും പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവ് ഓഫീസില്‍ വന്നിരുന്നു. ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കര്‍ശനമാണ്, അത് നല്‍കിയില്ലെങ്കില്‍ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന നിര്‍ദ്ദേശം ഒന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് നിലവില്‍ സൂപ്പര്‍വൈസര്‍മാരുടെ ഭാഗത്ത് നിന്നുള്ള പ്രധാന പരാതി. അങ്കണവാടിയിലെ ഗുണഭോക്താക്കള്‍ അടിക്കടി മാറുന്നതും കംപ്യൂട്ടര്‍ പരിജ്ഞാനത്തിന്റെ കുറവും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ വരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നിലവില്‍ അങ്കണവാടികളെ ഏകോപിപ്പിക്കുന്നതിനായി കൊണ്ടുവന്ന നിയമമാണ് ആധാറുമായി ജീവനക്കാരുടെയും  ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ചേര്‍ക്കുകയെന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ കേരളത്തിലെ എല്ലാ അങ്കണവാടി സ്ഥാപനങ്ങളെയും ഇതിനു കീഴില്‍ കൊണ്ടുവന്നേ മതിയാകു എന്നാണ് കോഴിക്കോട് അങ്കണവാടി പ്രോഗ്രാം ഒാഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇതിനൊരു തടസ്സമായി പ്രോഗ്രാം ഒാഫീസില്‍ നിന്ന് ലഭിച്ച വിവരം കംപ്യൂട്ടര്‍ സാങ്കേതികത അറിയാത്തവരാണ് കേരളത്തിലെ ഒട്ടുമിക്ക അങ്കണവാടി ജീവനക്കാരും. എന്നാല്‍  ഇത് ഒരു തടസ്സമായി നിലനില്‍ക്കെ അതിനെ മറികടക്കാന് കംപ്യൂട്ടര് സാങ്കേതികത അറിയുന്ന വിദ്യാര്‍ഥികളുടെയും മറ്റും സഹായം തേടിയിട്ടുണ്ടെന്നാണ്. ഏപ്രില്‍ മാസം അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ആധാര്‍ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്നാണ് പ്രോഗ്രാം ഒാഫിസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.