ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കാന്‍ വ്യാപകമായി ഉത്തരവിട്ട് കേന്ദ്രം.
യു.ജി.സി ചട്ടങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ അപലപിക്കുന്ന അക്കൗണ്ടുകളും എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ പോസ്റ്റുകളും കൂട്ടത്തോടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍, ആനിമേഷന്‍ വീഡിയോകള്‍, വിദേശ നയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എന്നിവയും നീക്കം ചെയ്യാനും കേന്ദ്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു.
മോദിയെ പരിഹസിക്കുന്ന രണ്ട് ആനിമേഷന്‍ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ദി വയറിന് നോട്ടീസ് ലഭിച്ചു. വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ വീഡിയോ വീണ്ടും പങ്കിട്ടപ്പോള്‍ നീക്കം ചെയ്യപ്പെടുകയായിരുന്നു.
കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ കാര്‍ട്ടൂണുകള്‍, കോണ്‍ഗ്രസിന്റെ എ.ഐ അധിഷ്ഠിത പോസ്റ്റുകള്‍ തുടങ്ങിയവും ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഒമ്പതോളം പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതായി പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളില്‍ എത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ചുവെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഉള്ളടക്കം പിന്‍വലിച്ചതായി അവകാശപ്പെട്ടുകൊണ്ടുള്ള നോട്ടീസുകളുമായി നിരവധി പൊതു പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുണ്ട്.
2025ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു.
എന്നാല്‍ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് അദൃശ്യമാവുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് കാണാന്‍ സാധിക്കും.
നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സെക്ഷന്‍ 69എ പ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനുളള ഉത്തരവ്.
Content Highlight: Centre orders blocking of social media posts critical of PM
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.