ഓരോദിവസവും വിചിത്രമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് വാര്‍ത്തകളില്‍ ഇടംനേടുകയാണ് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്. അടുത്ത കാലത്തായി പല സിനിമകളിലും ബോര്‍ഡ് നടത്തിയ ഇടപെടല്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇപ്പോഴിതാ, ഏറ്റവുമൊടുവില്‍ സെന്‍സര്‍ ബോര്‍ഡ് പുറപ്പെടുവിച്ച പുതിയ നിര്‍ദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
തെലുങ്ക് ചിത്രം സരസ്വതിക്ക് ബോര്‍ഡ് നല്‍കിയ നിര്‍ദേശമാണ് ചര്‍ച്ചയായിരിക്കുന്നത്. സരസ്വതി എന്നത് ദൈവത്തിന്റെ പേരാണെന്നും അത് സിനിമയുടെ ടൈറ്റിലായി വെക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു. എസ്. സരസ്വതി എന്ന് പേര് മാറ്റിയാല്‍ മാത്രമേ പ്രദര്‍ശനാനുമതി നല്‍കുള്ളൂവെന്നും ബോര്‍ഡ് അണിയറപ്രവര്‍ത്തകരെ അറിയിച്ചു.
നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. നടിയെന്ന നിലയില്‍ ശ്രദ്ധേയയായ വരലക്ഷ്മി ശരത്കുമാര്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് സരസ്വതി. മകളെ കാണാതാകുന്നതിന് പിന്നാലെ നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്ന അമ്മയുടെ കഥയാണ് സരസ്വതിയുടേത്. വരലക്ഷ്മി തന്നെയാണ് കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം സെന്‍സില്ലാത്ത പേരുമാറ്റ നിര്‍ദേശങ്ങള്‍ അടുത്തിടെയായി വല്ലാത്ത രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. മലയാള ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള മുതലാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്. സീതയുടെ പര്യായമായ ജാനകി എന്ന പേര് നായികക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.
തെലുങ്ക് ചിത്രമായ ഹേ ഭഗവാനും ഇത്തരം ദുരനുഭവമുണ്ടായി. ഹേ ബല്‍വന്ത് എന്ന് പേരുമാറ്റിയ ശേഷമാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ദൈവത്തിന്റെ പേര് ഒരിടത്തും വരാത്ത ചായ്‌വാല എന്ന ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കാരണം പേര് മാറ്റേണ്ടി വന്നു. നവാബ് കഫേ എന്നാണ് ചായ്‌വാലയുടെ പുതിയ പേര്.
സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം അനാവശ്യ നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വിധേയമാകുന്നുണ്ട്. ‘സെന്‍സില്ലാത്ത ബോര്‍ഡ്’ എന്നാണ് പലരും സെന്‍സര്‍ ബോര്‍ഡിനെ പരിഹസിക്കുന്നത്. ഹാല്‍ എന്ന ചിത്രത്തില്‍ ബീഫിനെക്കുറിച്ച് സംസാരിക്കുന്ന രംഗങ്ങള്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതും കേരള സ്റ്റോറി 2ല്‍ മുസ്‌ലിങ്ങള്‍ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിക്കുന്ന രംഗത്തിന് അനുമതി കൊടുത്തതും ഇതേ സെന്‍സര്‍ ബോര്‍ഡ് തന്നെയായിരുന്നു.
വിജയ് ചിത്രം ജന നായകന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് കേരള സ്റ്റോറിക്ക് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വിമര്‍ശനങ്ങള്‍ വിധേയമായി. ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി സെന്‍സര്‍ ബോര്‍ഡ് അധപതിച്ചെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
Gods’ and Goddesses’ Names Should Not Be Used for Movie Titles Going Forward? pic.twitter.com/yZEI2AKtDq