ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന് മുമ്പുള്ള ഏറ്റവും വലിയ കടമ്പയാണ് സെന്‍സറിങ് എന്നത്. ആ ചിത്രം ഏത് പ്രായവിഭാഗത്തിനുള്ളതാണെന്ന് പ്രേക്ഷകരെ അറിയിക്കാനുള്ള ഉപാധിയെന്ന നിലയിലാണ് പല രാജ്യങ്ങളിലും ഇത്തരമൊരു ഏര്‍പ്പാട് ആരംഭിച്ചത്. എന്നാല്‍ ഇന്ന് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി സെന്‍സറിങ് മാറിയെന്ന് പറയാം.
പശ്ചാത്യരാജ്യങ്ങളില്‍ ഏത് വിഭാഗത്തിനുള്ള ചിത്രമാണെന്ന് തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് സെന്‍സറിങ് എന്ന നടപടിയുള്ളത്. G, PG, PG13, R, NC 17 എന്നിങ്ങനെയാണ് ഹോളിവുഡിലെ സെന്‍സറിങ്. ഒരു തരത്തിലും പ്രേക്ഷകര്‍ കാണാന്‍ പാടില്ലാത്ത അപകടകരമായ കണ്ടന്റുകളാണെങ്കില്‍ മാത്രമേ ഒരു സിനിമ അവിടങ്ങളില്‍ നിരോധിക്കുകയുള്ളു.
എന്നാല്‍ ഇന്ത്യയില്‍ അടുത്തകാലത്തായി സെന്‍സര്‍ ബോര്‍ഡ് നടത്തുന്ന ഇടപെടലുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമായാണ് അനുഭവപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമം വരച്ചുകാട്ടിയ സന്തോഷ് എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതും ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ ഫുലെയുടെ ബയോപിക്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടതുമെല്ലാം ഇതിന് ഉദാഹരണമാണ്.
എന്നാല്‍ ഈയിടെ സെന്‍സര്‍ബോര്‍ഡിന്റെ പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ക്ക് സെന്‍സൊന്നുമില്ലേ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. സുരേഷ് ഗോപി നായകനായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞത് അതിനുദാഹരണമായിരുന്നു. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും അത് നായികക്ക് നല്‍കുന്നത് ശരിയല്ലെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. ഒടുവില്‍ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.
അതിനെക്കാള്‍ ഞെട്ടിച്ച മറ്റൊരു കാര്യമായിരുന്നു അക്ഷയ് കുമാര്‍ നായകനായ ഹൗസ്ഫുള്‍ 5 എന്ന സിനിമക്ക് UA സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാണാന്‍ സാധിക്കും എന്നതാണ് UA സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റ് കാണുമ്പോള്‍ കുടുംബപ്രേക്ഷകര്‍ ആശ്വാസത്തോടെ ചിത്രത്തിന് ടിക്കറ്റെടുക്കും.
എന്നാല്‍ അങ്ങേയറ്റം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് സെന്‍സര്‍ ബോര്‍ഡ് അനുഗ്രഹിച്ച് വിട്ട ഈ ‘കുടുംബ’ചിത്രം. അല്പവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ പരമാവധി ഒപ്പിയെടുത്ത് അതില്‍ നിന്ന് ‘തമാശ’ സൃഷ്ടിക്കുന്ന സംവിധായകന്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ഈ സിനിമ കാണുമ്പോള്‍ ആരായാലും ചിന്തിക്കും.
ഇതുപോലൊരു സിനിമക്ക് കട്ടുകളൊന്നും നിര്‍ദേശിക്കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ മറ്റ് ചില നടപടികളും രസകരമാണ്. ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത സൂപ്പര്‍മാന്‍ എന്ന ചിത്രത്തില്‍ നിന്ന് 30 സെക്കന്‍ഡോളം വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. സൂപ്പര്‍മാനും കാമുകിയും തമ്മിലുള്ള ചുംബനരംഗത്തിന് ദൈര്‍ഘ്യം കൂടുതലാണെന്നായിരുന്നു ബോര്‍ഡ് പറഞ്ഞത്. തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ആ ഒരു ഭാഗത്തില്‍ മാറ്റം വരുത്തി.
രണ്ടരമണിക്കൂര്‍ മുഴുവന്‍ സ്ത്രീവിരുദ്ധ ‘തമാശ’ കാണിച്ച സിനിമയെ മൈന്‍ഡ് ചെയ്യാതെ വിടുകയും സൂപ്പര്‍മാന് വെട്ടുകള്‍ നല്‍കിയതും ഒരേ സെന്‍സര്‍ ബോര്‍ഡ് തന്നെയാണ്.
ബ്രാഡ് പിറ്റ് നായകനായ F1 എന്ന ചിത്രത്തിലും സമാനമായ ഇടപെടല്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയിരുന്നു. നായക കഥാപാത്രം മറ്റൊരാള്‍ക്ക് നടുവിരല്‍ കാണിക്കുന്ന ഇമോജിയെ ബ്ലര്‍ ചെയ്താണ് ഇന്ത്യയില്‍ കാണിച്ചത്. സമൂഹത്തെ തെറ്റായി സ്വാധീനിക്കുമെന്ന ബോര്‍ഡിന്റെ ന്യായവും അവരുടെ കരുതലും എത്ര വലുതാണെന്ന് പറയാതെ വയ്യ.
ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളും കാണുമ്പോള്‍ ഈ ബോര്‍ഡില്‍ അല്പമെങ്കിലും കോമണ്‍സെന്‍സുള്ള ആരുമില്ലേ എന്ന് ചിന്തിച്ചുപോകും. സിനിമക്ക് ഏത് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കുകയും അനാവശ്യമായിട്ടുള്ള കടന്നുകയറ്റങ്ങള്‍ സെന്‍സര്‍ബോര്‍ഡ് ഉപേക്ഷിക്കണമെന്നും മാത്രമേ പറയാനുള്ളൂ.
Content Highlight: Censor Board’s unnecessary move against Superman movie