കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയിലെ ഉള്‍കഥകള്‍ പറഞ്ഞ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍. വന്‍ വിജയമായ ആദ്യ ഭാഗത്തിന് ശേഷം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ബജറ്റില്‍ ആ സിനിമക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അവിടേക്ക് എത്താനായി നടത്തിയ ഒരു കലാപത്തെ പച്ചയായി തുറന്നുകാണിക്കുന്നു. കലാപത്തിന് മുഖ്യ പങ്ക് വഹിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്‍നിരയിലെന്ന് ഒരു മടിയും കൂടാതെ വിളിച്ചു പറയുന്നു.
എതിരെ നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇ.ഡി, ഇന്‍കം ടാക്‌സ് എന്നിവരെ വിട്ട് അടിച്ചമര്‍ത്തുന്നത് കാണിക്കുന്നു. 2025ലെ ഏറ്റവും വലിയ വിജയമായ എമ്പുരാനിലെ പ്രധാന ഭാഗങ്ങളാണ് ഈ പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പ്രദര്‍ശനത്തിനെത്തിയ സിനിമക്ക് നേരെ വലിയ സൈബര്‍ അറ്റാക്കാണ് നടന്നത്. മറ്റ് വഴികളില്ലാതെ നിര്‍മാതാക്കള്‍ മാപ്പ് പറയുകയും റീ സെന്‍സറിന് സമീപിക്കുകയും ചെയ്യുന്നു.
എമ്പുരാന്‍ വിവാദത്തിന് ശേഷം ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ഇന്നാട്ടിലെ സെന്‍സര്‍ ബോര്‍ഡ്. നിസാര വിഷയങ്ങള്‍ പലതും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെയും സംഘപരിവാറിനെതിരെയും സംസാരിക്കുന്ന സിനിമകളെ നിശബ്ദമാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.
അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിയും വിജയ് ചിത്രം ജന നായകനും. 1964ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് പരാശക്തി പറയുന്നത്. സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് പഠിച്ച പണി പതിനെട്ടും നോക്കുന്ന സമയത്താണ് പഴയ പോരാട്ടത്തിന്റെ കഥയുമായി പരാശക്തി എത്തുന്നത്.
ഇത്തരമൊരു ശക്തമായ വിഷയം സംസാരിക്കുന്ന സിനിമയെ പരമാവധി വെട്ടിമുറിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥി സംഘടനയുടെ മുദ്രാവാക്യമായ ‘തീ പടരട്ടെ’ എന്നത് മാറ്റി പകരം ‘നീതി പടരട്ടെ’ എന്ന് മാറ്റിയിട്ടുണ്ട്. ഹിന്ദി അടിച്ചേല്പിക്കലിനെതിരെ അഹോരാത്രം പോരാടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ ഈ ചിത്രത്തില്‍ ഒരു കഥാപാത്രമാണ്. സിനിമയില്‍ പലയിടത്തും ‘അണ്ണാ’ എന്ന് മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം സെന്‍സര്‍ ബോര്‍ഡ് മ്യൂട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇന്ത്യക്ക് പുറത്ത് പ്രദര്‍ശനത്തിനെത്തിയ പ്രിന്റിലെ ഒരു രംഗം ഇതിനോടകം വൈറലായി. ‘ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഞങ്ങള്‍ ഇല്ലാതാക്കിയ ഈ ത്രിഭാഷാ നയം ഭാവിയില്‍ എപ്പോഴെങ്കിലും കൊണ്ടുവരണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഒരു ഭയം നിങ്ങളിലുണ്ടാകും. ആ ഭയം എത്രകാലം നിങ്ങളില്‍ ഉണ്ടാകുമോ അത്രയും കാലം അണ്ണാദുരൈ തന്നെയാണ് ഈ നാട് ഭരിക്കുന്നതെന്ന് മനസിലാക്കുക’ എന്ന രംഗത്തിന്റെ തിയേറ്റര്‍ ക്ലിപ് വൈറലാണ്.
ആറ് പതിറ്റാണ്ടിന് ശേഷവും അണ്ണാദുരൈയെ ഹിന്ദിവാദികള്‍ ഭയക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ രംഗം ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡിന്റെ നീക്കത്തിലൂടെ മനസിലാകുന്നത്. പരാശക്തി മാത്രമല്ല, റീലീസാകാനാകാതെ ഇരിക്കുന്ന ജന നായകനും സെന്‍സര്‍ ബോര്‍ഡിന്റെ ഇരയാണ്. UA സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി വിധിച്ചിട്ടും അതിനെതിരെ അപ്പീല്‍ പോയതോടെ സെന്‍സര്‍ ബോര്‍ഡിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിവായിരിക്കുകയാണ്.
കേരളത്തെ ഒന്നാകെ മോശമായി ചിത്രീകരിച്ച കേരള സ്‌റ്റോറി, ബംഗാളിലെ മുസ്‌ലിങ്ങളെല്ലാം ക്രിമിനലുകളാണെന്ന് പറയുന്ന ദി ബംഗാള്‍ ഫയല്‍സ് തുടങ്ങിയ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് ഒരു കട്ടും ആവശ്യപ്പെടാതെ ‘ക്ലീന്‍ U’ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും മനുഷി, ബാഡ് ഗേള്‍ പോലുള്ള സിനിമകളുടെ റിലീസ് തടയുകയും ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ ക്വട്ടേഷന്‍ നേതാവായി സെന്‍സര്‍ ബോര്‍ഡ് മാറിയിരിക്കുകയാണ്.
Content Highlight: Censor Board’s attack to South Indian Political movies after Empuraan