ജന നായകന്റെ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ച് സെന്‍സര്‍ ബോര്‍ഡ്, മാറ്റം ആവശ്യപ്പെടാതിരിക്കാന്‍ ദളപതിയുടെ മാസ്റ്റര്‍സ്‌ട്രോക്ക്
Indian Cinema
ജന നായകന്റെ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ച് സെന്‍സര്‍ ബോര്‍ഡ്, മാറ്റം ആവശ്യപ്പെടാതിരിക്കാന്‍ ദളപതിയുടെ മാസ്റ്റര്‍സ്‌ട്രോക്ക്
അമര്‍നാഥ് എം.
Monday, 5th January 2026, 7:27 pm

റിലീസിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജന നായകനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വൈകിപ്പിക്കുന്നത് ബുക്കിങ്ങിനെയടക്കം ബാധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പ്രീ റിലീസ് ബുക്കിങ് ആരംഭിക്കാത്തതിന് കാരണം സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ്.

കുറച്ചുകാലമായി കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ വിജയ്‌യെ പരമാവധി പ്രതിസന്ധിയിലാക്കാനാണ് ഈ നീക്കമെന്ന് ആരാധകര്‍ ആരോപിക്കുന്നു. ഡിസംബര്‍ 27ന് സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അണിയറപ്രവര്‍ത്തകര്‍ ചിത്രം സമര്‍പ്പിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാത്തത് എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

എന്നാല്‍ സമീപകാലത്ത് അരങ്ങേറിയതുപോലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ ജന നായകന് ബാധകമായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ പിന്നിലെ കാരണവും വ്യത്യസ്തമാണ്. തെലുങ്കിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങുന്നത്. ഇതാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജന നായകനെ രക്ഷപ്പെടുത്തുന്ന ഘടകവും.

ഒറിജിനല്‍ സിനിമകളില്‍ രാഷ്ട്രീയപരമായ എന്തെങ്കിലും പ്രസ്താവനകള്‍ ഉണ്ടെങ്കില്‍ അതില്‍ ഇടപെടാന്‍ സെന്‍സര്‍ബോര്‍ഡിന് സാധിക്കും. തിരക്കഥയടക്കം സകല മേഖലകളിലും കൈകടത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍ റീമേക്ക് സിനിമകളില്‍ ഇത് ബാധകമല്ല. ഇവിടെയാണ് ജന നായകന്‍ വ്യത്യസ്തമാകുന്നത്.

ഒരു സിനിമ റീമേക്കാണെങ്കില്‍ അതില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാനാകില്ല. ജന നായകന്റെ കാര്യം നോക്കുകയാണെങ്കില്‍ ദേശീയ അവാര്‍ഡ് നേടിയ ഭഗവന്ത് കേസരിയുടെ റീമേക്കാണ്. ഇതിലൂടെ ഒറിജിനല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയ പ്രസ്താവനകള്‍ വിജയ്ക്ക് കൃത്യമായി ഉപയോഗിക്കാനാകും. സി.ബി.എഫ്.സിയുടെ കത്രികയില്‍ നിന്ന് ജന നായകനെ രക്ഷപ്പെടുത്താന്‍ ഈ ബുദ്ധി ഉപകരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ബുധനാഴ്ചയോടെ മാത്രമേ ജന നായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നാണ് പുതിയ വിവരം. ഇതിനോടകം പ്രീ സെയിലിലൂടെ 35 കോടിയിലധികം ജന നായകന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യദിനം 100 കോടി നേടുന്ന മൂന്നാമത്തെ വിജയ് ചിത്രമായി ജന നായകന്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ജന നായകന്‍. ഭഗവന്ത് കേസരിയുടെ റീമേക്കിന് പുറമെ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രൊമോഷന്‍ കൂടിയാകും ഈ ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. 450 കോടി ബജറ്റിലൊരുങ്ങുന്ന ജന നായകന്‍ തമിഴ് ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Censor Board delaying in issue the certificate of Jana Nayagan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം