വ്യാജ വര്‍ത്തകള്‍കൊണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ കൊത്തിവലിക്കാന്‍ അനുവദിക്കില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സമ്പൂര്‍ണ സംരക്ഷണവും പിന്തുണയുമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വീണ ജോര്‍ജാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ചെത്തിയതെന്നാണ് മാധ്യമങ്ങള്‍ക്ക് അലോഷ്യസ് നല്‍കിയ പ്രതികരണം.
കെ.എസ്.യു പ്രവര്‍ത്തകരെ മന്ത്രി അസംഭ്യം പറഞ്ഞുവെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. ഇതിലൂടെ എന്ത് സന്ദേശമാണ് മന്ത്രി ഈ സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
നിലവില്‍ പുറത്തുവന്ന ഏതെങ്കിലും ദൃശ്യങ്ങളില്‍ മന്ത്രിയെ കെ.എസ്.യുക്കാര്‍ പരിക്കേല്‍പ്പിക്കുന്നതായി കാണാന്‍ കഴിയുന്നുണ്ടോ? അങ്ങനെയൊരു ദൃശ്യം ആരുടെയെങ്കിലും കൈവശമുണ്ടോ? റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും കെ.എസ്.യു അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ദേശാഭിമാനിയുടെ പരിപാടിയില്‍ പങ്കെടുത്ത മന്ത്രി ‘റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്ക് പരിക്കേറ്റു’വെന്ന് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരില്‍ നടന്ന പരിപാടിയില്‍ മന്ത്രിയുടെ കൈയില്‍ ആ പരിക്ക് വ്യക്തമായി കണ്ടിരുന്നുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. രക്തസാക്ഷി പരിവേഷത്തിന് വേണ്ടിയാണ് മന്ത്രി ശ്രമിക്കുന്നതെന്നും അലോഷ്യസ് ആരോപിച്ചു.
അതേസമയം വീണ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ രംഗത്തെത്തി.
‘ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ കേരളത്തിന്റെ ആരോഗ്യരംഗത്തെ നയിക്കുന്ന മന്ത്രിക്കെതിരെയുള്ള ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയ നീക്കങ്ങള്‍ പുരോഗമന സമൂഹത്തിന് ഒട്ടും നിരക്കാത്തതാണ്. സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങളും അധിക്ഷേപങ്ങളും ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണ് വരുത്തിവെക്കുന്നത്,’ വ്യവസായമന്ത്രി പി. രാജീവ് പ്രതികരിച്ചു.
‘വീണ ജോര്‍ജിനെതിരായ കെ.എസ്.യു ആക്രമണത്തിനെതിരെ കേരളമാകെ രംഗത്തെത്തണം. ഒരു വനിതാ മന്ത്രിയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി ആക്രമിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. സര്‍ക്കാരിനെതിരെ കാതലായ ഒരു വിമര്‍ശനവും ഉന്നയിക്കാനില്ലാതെ നിയമസഭയിലും പുറത്തും തോറ്റോടിയ പ്രതിപക്ഷത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ആ വിഭ്രാന്തിയാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ച് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്,’ മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ ഉണ്ടായത് സമരമോ പ്രതിഷേധമോ അല്ലെന്നും ക്രിമിനലുകളുടെ തെമ്മാടിത്തമാണെന്നുമാണ് സി.പി.ഐ.എം നേതാവ് എം. സ്വരാജിന്റെ പ്രതികരണം.
Content Highlight: CCTV footage of Kannur railway station should be released: Aloshious Xavier