| Monday, 16th March 2026, 1:24 pm

സി.പി.ഐയുമായി കലഹിച്ച് പാര്‍ട്ടി വിട്ടു, കോണ്‍ഗ്രസും കൈവിട്ടതോടെ സി.സി മുകുന്ദന്‍ ബി.ജെ.പിയില്‍; നാട്ടികയില്‍ സ്ഥാനാര്‍ത്ഥിയാകും

ആദര്‍ശ് എം.കെ.

തൃശൂര്‍: പേയ്‌മെന്റ് സീറ്റ് ആരോപിച്ച് സി.പി.ഐ വിട്ട സി.സി.മുകുന്ദന്‍ എം.എല്‍.എ ബി.ജെ.പിയില്‍. കോണ്‍ഗ്രസില്‍ ചേരാനും സ്ഥാനാര്‍ത്ഥിയാകാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് നാട്ടികയിലെ സിറ്റിങ് എം.എല്‍.എ കൂടിയായ സി.സി. മുകുന്ദന്‍ ബി.ജെ.പിയില്‍ ചേരുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സി.പി.ഐ പുറത്താക്കിയിരുന്നു.

സി.പി.ഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥയാക്കാന്‍ തീരുമാനിച്ചത്. ഗീതാ ഗോപിയാണ് സ്ഥാനാര്‍ത്ഥിയെന്ന പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സി.പി.ഐ ഇതു പേയ്‌മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദന്‍ ഉന്നയിച്ചിരുന്നു.

പ്രദേശിക തലത്തിലും മുകുന്ദനോട് എതിര്‍പ്പുണ്ടായിരുന്നു. സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാ ഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു.

ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത് എന്നാല്‍ ഒരിക്കല്‍ക്കൂടി മത്സരിപ്പിക്കമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായുള്ള അകല്‍ച്ചയിലാണെന്നും കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28,431 വോട്ടിനാണ് സി.സി. മുകുന്ദന്‍ കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ തോല്‍പിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 33,716 വോട്ടാണ്. സി.പി.ഐ വോട്ടുകള്‍ പെട്ടിയിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും വ്യക്തിപരമായി മുകുന്ദന്‍ പിടിക്കുന്ന വോട്ടിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

Content Highlight: CC Mukundan joins BJP

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more