| Wednesday, 8th October 2025, 10:40 pm

ചീഫ് ജസ്റ്റിസിനെതിരെ സോഷ്യല്‍മീഡിയയില്‍ ജാതി അധിക്ഷേപം; കേസെടുത്ത് പഞ്ചാബ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ജാതി അധിക്ഷേപം. സുപ്രീംകോടതിയില്‍ വെച്ച് ചീഫ് ജസ്റ്റിസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജാതി അധിക്ഷേപ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ പഞ്ചാബ് പൊലീസ് നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ അധിക്ഷേപകരമായ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കെതിരെ പഞ്ചാബ് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബ് സര്‍ക്കാര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ സോഷ്യല്‍മീഡിയയിലൂടെ ചീഫ് ജസ്റ്റിസിനെ അവഹേളനത്തിനിരയാക്കുന്നതിനെ അപലപിച്ചു.

പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി നൂറിലധികം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് അധിക്ഷേപം നടന്നത്. ഇതിനെതിരെ നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും നടപടികളെടുക്കുമെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

കേസെടുത്തതിന് പിന്നാലെ അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സൈബര്‍ സെല്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ജാതി, സാമുദായിക വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമമെന്നാണ് ഈ പോസ്റ്റുകളെ പൊലീസ് വിമര്‍ശിച്ചത്. സാമുദായിക വിദ്വേഷം പരത്താനായി നീതിന്യായ സ്ഥാപനങ്ങളെ അപമാനിക്കാനുള്ള പദപ്രയോഗങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയാനുള്ള ബി.എന്‍.എസിലെ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില്‍ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ഷൂ എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് വിളിച്ചുപറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം.

ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിമയുടെ തല പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് തള്ളിയതിന് എതിരെയായിരുന്നു ഇയാളുടെ പ്രതിഷേധം. ഹരജിക്കാരനെ ചീഫ് ജസ്റ്റിസ് അപമാനിച്ചെന്ന് നേരത്തെ സോഷ്യല്‍മീഡിയയിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. അഭിഭാഷകനെതിരെ കേസെടുക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തിരുന്നു. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ അപലപിച്ചിരുന്നു.

Content Highlight: Casteist posts against Chief Justice on social media; Punjab Police registers FIR

We use cookies to give you the best possible experience. Learn more