| Saturday, 9th March 2019, 8:13 am

പ്രളയാനന്തര പുനര്‍നിര്‍മാണ സഹായം നല്‍കുന്നതില്‍ ജാതീയമായ വിവേചനമെന്ന് പഠന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിച്ച പട്ടിക ജാതി, പട്ടിക വര്‍ഗ, ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആളുകള്‍ക്ക് പ്രളയാനന്തര പുനര്‍നിര്‍മാണ സഹായങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനമെന്ന് പഠന റിപ്പോര്‍ട്ട്. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന് സംഘടന നടത്തിയ പഠനത്തിലാണ് ഒ.ബി.സി, ജനറല്‍ വിഭാഗങ്ങളെ അപേക്ഷിച്ച് ദളിത്, ആദിവാസി വിഭാഗങ്ങള്‍ വിവേചനം നേരിടേണ്ടി വരുന്നെന്ന് കണ്ടെത്തിയത്.

പ്രളയ ബാധിതര്‍ക്ക് ലഭിക്കേണ്ടിയിരുന്നു അടിയന്തര സാമ്പത്തിക സഹായമായ 10,000 രൂപ ലഭിച്ച ആദിവാസി, ദളിത് വിഭാഗത്തില്‍ പെട്ട ആളുകള്‍ ആനുപാതികമായി കുറവാണെന്ന് പഠനത്തില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനറല്‍ വിഭാഗത്തില്‍ പെട്ട 83.90 ശതമാനം പേര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ട 88.93 ശതമാനം പേര്‍ക്കും അടിയന്തര സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ പ്രളയ ബാധിതരായ 61.92 ശതമാനം ആദിവാസികള്‍ക്കും, 67.68 ശതമാനം ദളിത് ക്രിസ്ത്യാനികള്‍ക്കും മാത്രമാണ് അടിയന്തര സഹായം ലഭിച്ചത്. അര്‍ഹതാ മാനദണ്ഡങ്ങളില്‍ അവസാന നിമിഷം വരുത്തിയ മാറ്റങ്ങളാണ് ഇവര്‍ക്ക് വലിയ തോതില്‍ സഹായം നിഷേധിക്കപ്പെടാനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read “അവനെ ഞങ്ങള്‍ കത്തിക്കും”; ദല്‍ഹിയില്‍ സംവിധായകന്‍ പ്രിയനന്ദനെതിരെ സംഘപരിവാര്‍ കൊലവിളി; കേരളക്ലബ്ബില്‍ നടത്താനിരുന്ന പരിപാടി അലങ്കോലമാക്കി

റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്‍ക്കും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീടത് നിശ്ചിത അളവില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായവര്‍ക്കായി നിജപ്പെടുത്തുകയായിരുന്നു.

പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ഇടുക്കിയില്‍ 2.08 ശതമാനം ആദിവാസികള്‍ക്കും 1.64 ദളിത് ക്രസ്ത്യാനികള്‍ക്കും മാത്രമാണ് 10,000 രൂപയുടെ ധനസഹായം ലഭിച്ചത്. “The Extent of Inclusion of Dalit and Adivasi Communities in the Post-Disaster Response in Kerala, 2018.” എന്ന പേരിലാണ് പഠനം നടത്തിയത്.

യു.കെയിലെ ക്രിസ്ത്യന്‍ എയ്ഡ്, ഓക്‌സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ സഹായത്തോടെ നടത്തിയ പഠനം, ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അരികുവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി പ്രത്യേക പാക്കേജുകള്‍ ആരംഭിക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രളയത്തിന്റെ സമയത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും മറ്റും അധിക പരിഗണന ലഭിച്ചതായി സര്‍വേയുടെ ഭാഗമായ 20.57 ശതമാനം ആളുകളും പറയുന്നു. വയനാട്ടിലെ 37.28 ശതമാനത്തോളം പട്ടിക വര്‍ഗ വിഭാഗക്കാരും പ്രളയത്തിന്റെ സമയത്ത് വിവേചനം നേരിട്ടിരുന്നു. എന്നിരുന്നാലും പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന മേഖലകളില്‍ ത്വരഗതിയില്‍ സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് 54.13 ശതമാനം പേരും അനുകൂലമായാണ് മറുപടി നല്‍കിയത്. പെട്ടെന്നെത്തിപ്പെടാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പ്രത്യേക ജാതിയില്‍ പെട്ടവരാണ് കൂടുതലെന്നിരിക്കെ സ്ഥിരസ്ഥിതിയായ വിവേചനമാണിതെന്നാണ് ശ്രദ്ധിക്കേണ്ട വസ്തുത”- പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more