| Sunday, 13th July 2025, 7:47 am

'പൂണൂലിട്ട പുലയന്‍'; ഇരിങ്ങാലക്കുട കാരിക്കുളങ്ങര നരസിംഹ ക്ഷേത്രത്തില്‍ ജാതി അധിക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇരിങ്ങാലക്കുട കാരിക്കുളങ്ങര നരസിംഹ ക്ഷേത്രത്തില്‍ നിറത്തിന്റെ പേരില്‍ ജാതി അധിക്ഷേപമെന്ന് പരാതി. ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായ വി.വി സത്യനാരായണനാണ് ക്ഷേത്ര കുടുംബാംഗങ്ങളില്‍ നിന്ന് അധിക്ഷേപം നേരിട്ടത്. സത്യനാരാണന്റെ ശരീരത്തിന്റെ നിറം കറുപ്പ് ആയതിനാല്‍ അദ്ദേഹത്തെ ക്ഷേത്ര കുടുംബാംഗം ബീന കൃഷ്ണന്‍ ‘പൂണിലിട്ട പുലയന്‍’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.

സത്യനാരായണനെ ബീന കൃഷ്ണന്‍ ‘പൂണൂലിട്ട പുലയന്‍’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം പുറത്ത് വിട്ടിട്ടുണ്ട്. ബിംബത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന അവനെ വിളിക്കേണ്ടത് ‘പൂണൂലിട്ട പെലയന്‍’ എന്നാണെന്നും പ്ലാവില കുത്തിയവരാണെന്നും തന്റെ ശരീരത്തില്‍ കൂടി ഓടുന്നത് രാജരക്തം അല്ലെന്നും യുവതി പറയുന്നത് ഓഡിയോയില്‍ ഉണ്ട്.

അഞ്ച് വര്‍ഷത്തോളമാണ് സത്യനാരായണന്‍ ഈ ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നത്. ഇക്കാലയളവില്‍ എല്ലാം എന്‍.എസ്.എസ് ഇതര ഭക്ത ജനങ്ങളും തന്നെപ്പോലെ വിവേചനം നേരിട്ടിരുന്നെന്നും സത്യനാരായണന്‍ വെളിപ്പെടുത്തി.

ഈഴവ വിഭാഗത്തില്‍പ്പെട്ട ഭക്തജനങ്ങളെ അന്നദാന പന്തിയില്‍ നിന്ന് ഇറക്കി വിട്ടതായും ഉത്സവത്തിന്റെ ക്ഷേത്രപരിപാടിയില്‍വെച്ച് ജാതി തിരിച്ച്‌ ആളുകളെ മാറ്റി നിര്‍ത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യക്തി അധിക്ഷേപവുമായി ബന്ധപ്പെട്ട് ബീന കൃഷ്ണനെതിരെ പരാതി നല്‍കുമെന്ന് സത്യനാരായണന്‍ അറിയിച്ചു.

‘ഇപ്പോള്‍ അടുത്ത് പോലും അവര്‍ വിളിച്ചപ്പോള്‍ പൂണൂലിട്ട പുലയന്‍ എന്നാണ് വിളിച്ചത്. ഞാന്‍ ഈ ക്ഷേത്രത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് നാലര വര്‍ഷത്തില്‍ അധികമായി. ജോലി ഏറ്റെടുത്ത കാലം തൊട്ടെ പുലയനാണ് പൂജാരി എന്ന തരത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. കറുത്ത് പോയി എന്നതുകൊണ്ട് പുലയന്‍ ആണെന്ന് പറയാന് പറ്റില്ല. എനിക്കതിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റില്ല,’ സത്യനാരായണന്‍ പറഞ്ഞു.

ഈ അമ്പലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ താനും അതില്‍ പങ്കാളിയാണെന്ന് കരുതിയാണ് തന്നോടും ഇത്തരത്തില്‍ പെരുമാറിയതെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സ്ത്രീ മുമ്പും ജാതി അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരെ കേരള പുലയര്‍ സഭ പരാതി നല്‍കിയിരുന്നു.

Content Highlight: Caste discrimination at Karikkulangara Lakshmi Narasimha Swamy Temple in Irinjalakuda

We use cookies to give you the best possible experience. Learn more