| Thursday, 27th March 2025, 5:19 pm

എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല, ഹോളിവുഡിന്റെ ട്വന്റി 20യാവാന്‍ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന് ശേഷം വീണ്ടും ട്രാക്കില്‍ നിന്ന് താഴേക്ക് പോയ മാര്‍വലിന് തിരിച്ചുവരവൊരുക്കുമെന്ന് കരുതുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്‌സ് മാര്‍വലുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഡൂംസ് ഡേ. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

സാന്‍ ഡിയാഗോ കോമിക് കോണില്‍ വെച്ച് അനൗണ്‍സ് ചെയ്ത ഡൂംസ് ഡേയില്‍ എല്ലാവരെയും അമ്പരപ്പിച്ചത് ഡോക്ടര്‍ ഡൂമിന്റെ കഥാപാത്രമായിരുന്നു. അയണ്‍ മാന്‍ എന്ന കഥാപാത്രമായി മാര്‍വലിന്റെ മുഖം എന്നറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര് ഡൂമിനെ അവതരിപ്പിക്കുന്നതെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക വഴിവെച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഹോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം ഡൂംസ് ഡേയില്‍ അണിനിരക്കുന്നുണ്ട്. തോര്‍, ലോകി, ഷാങ് ചി, ആന്റ് മാന്‍, ഫാല്‍ക്കണ്‍, എന്നീ സൂപ്പര്‍ ഹീറോസെല്ലാം ഡൂംസ് ഡേയിലുണ്ടാകും. ഒപ്പം ഫേസ് ഫോറിലൂടെ പരിചയപ്പെടുത്തിയ യെലെന, റെഡ് ഗാര്‍ഡിയന്‍, ഗോസ്റ്റ്, നമോര്‍, എന്നീ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളും ഡൂംസ് ഡേയുടെ ഭാഗമാകും.

ക്രിസ് ഹംസ്‌വര്‍ത്ത്, ടോം ഹിഡില്‍സ്റ്റണ്‍, സെബാസ്റ്റ്യന്‍ സ്റ്റാന്‍, പോള്‍ റുഡ്, ലെറ്റിഷ്യ റൈറ്റ്, ഫ്‌ളോറന്‍സ് പ്യൂഹ്, പെട്രോ പാസ്‌കല്‍, സിമു ല്യൂ, വനേസ കിര്‍ബി തുടങ്ങി വന്‍ താരനിരയാണ് ഡൂംസ് ഡേയില്‍ അണിനിരക്കുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ വീഡിയോയുടെ അവസാനം പ്രത്യക്ഷപ്പെടുന്നത് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

20th സെഞ്ച്വറി ഫോക്‌സിന്റെ പക്കല്‍ നിന്ന് കോമിക് റൈറ്റ്‌സ് നേടിയതിന് ശേഷം ഫന്റാസ്റ്റിക് ഫോറിലെയും എക്‌സ് മെന്‍ സീരീസിലെയും കഥാപാത്രങ്ങളെ മാര്‍വല്‍ സ്വന്തമാക്കിയിരുന്നു. ഇവരില്‍ പലരുടെയും സാന്നിധ്യവും ഡൂംസ് ഡേയിലുണ്ടാകുമെന്ന് അറിയിച്ചുകഴിഞ്ഞു. എന്‍ഡ് ഗെയിമിന് ശേഷം ഏറ്റവുമധികം സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് അവഞ്ചേഴ്‌സ് ഡൂംസ് ഡേ.

ഇവര്‍ക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചുവെച്ച ചില കാമിയോകളും ഉണ്ടാകുമെന്ന് റൂമറുകളുണ്ട്. സ്‌പൈഡര്‍ മാന്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്ന് കേള്‍ക്കുന്നു. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ഡൂംസ് ഡേ 2026 മെയില്‍ തിയേറ്ററുകളിലെത്തും. ലോക സിനിമയിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാകും ഡൂംസ് ഡേയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Cast announcement of Avengers Doomsday has out

Latest Stories

We use cookies to give you the best possible experience. Learn more