ദിലീപിനെ കണ്ടപ്പോള്‍ ജഡ്ജി എഴുന്നേറ്റുവെന്ന പരാമര്‍ശം; ചാള്‍സ് ജോര്‍ജിനെതിരെ കേസെടുക്കും
Kerala
ദിലീപിനെ കണ്ടപ്പോള്‍ ജഡ്ജി എഴുന്നേറ്റുവെന്ന പരാമര്‍ശം; ചാള്‍സ് ജോര്‍ജിനെതിരെ കേസെടുക്കും
രാഗേന്ദു. പി.ആര്‍
Thursday, 15th January 2026, 11:16 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കണ്ടപ്പോള്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് എഴുന്നേറ്റ് നിന്നുവെന്ന പരാമര്‍ശത്തില്‍ കേസെടുക്കും.

മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജിനെതിരെ കേസെടുക്കാനാണ് നിര്‍ദേശം. ജില്ലാ സെന്‍ട്രല്‍ പൊലീസിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്.

ബി.എന്‍.എസ് 173, 175 എന്നീ വകുപ്പുകള്‍ പ്രകാരം പരാതി അന്വേഷിക്കാനാണ് നിര്‍ദേശം. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

കേസില്‍ വിധി വന്ന നവംബര്‍ എട്ടിനായിരുന്നു ചാള്‍സ് ജോര്‍ജിന്റെ പരാമര്‍ശം. ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ ദിലീപിനെ വെറുതേവിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെയാണ് ജഡ്ജിക്കെതിരെ ചാള്‍സ് ജോര്‍ജ് ആരോപണം ഉയര്‍ത്തിയത്. പ്രതി കോടതി മുറിയിലേക്ക് വരുമ്പോള്‍ ജഡ്ജി എഴുന്നേറ്റ് നില്‍ക്കുന്ന സ്ഥിതിയാണ് കോടതിയില്‍ ഉണ്ടായിരുന്നതെന്നായിരുന്നു ചാള്‍സ് ജോര്‍ജിന്റെ പരാമര്‍ശം.

ഇതിനെതിരെ അഭിഭാഷകനായ പി.ജെ. പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് നടപടി.

ചാള്‍സിന്റേത് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സെന്‍ട്രല്‍ പൊലീസിനും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണ ജഡ്ജിക്കെതിരെ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ ജഡ്ജി സംശയനിഴലിലാണെന്നും വിധി പറയാന്‍ ജഡ്ജിക്ക് അവകാശമില്ലെന്നുമായിരുന്നു ഉപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്.

Content Highlight: Case to be filed against Charles George for remark that judge stood up when he saw Dileep

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.