പ്രയാഗ്‌രാജ്: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാൻസ്‌ജെൻഡർ സ്ത്രീ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 69-ാം വകുപ്പ് പ്രകാരമുള്ള ‘സ്ത്രീ’ എന്ന നിയമപരമായ നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് അലഹബാദ് ഹൈക്കോടതി.

വ്യാജ വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്‌വാൾ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര വർഷത്തിലേറെയായി താനുമായി ശാരീരിക ബന്ധം പുലർത്തുകയും, അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ട്രാൻസ്‌ജെൻഡർ സ്ത്രീയാണ് പൊലീസിൽ പരാതി നൽകിയത്.

കബളിപ്പിച്ചോ വ്യാജ വിവാഹ വാഗ്ദാനം നൽകിയോ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയുള്ള ബി.എൻ.എസ് 69-ാം വകുപ്പ് പ്രകാരമാണ് പ്രതിയായ മുഹമ്മദ് സാക്കിറിനെതിരെ കേസെടുത്തിരുന്നത്.

ഈ വകുപ്പ് നിലനിൽക്കണമെങ്കിൽ ഇര നിയമപരമായി സ്ത്രീ ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ബി.എൻ.എസ് വകുപ്പ് 2(35) പ്രകാരം ജന്മനാ സ്ത്രീയായവരെ മാത്രമേ സ്ത്രീയായി കണക്കാക്കാൻ കഴിയൂ. 2019-ലെ ട്രാൻസ്‌ജെൻഡർ സംരക്ഷണ നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രത്യേക അസ്തിത്വമുണ്ട്.

ജനനസമയത്ത് പുരുഷനായി ജനിച്ച ഒരാൾ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയാലും നിയമപരമായി ട്രാൻസ്‌ജെൻഡർ പദവിയിൽ തന്നെയാണ് തുടരുകയെന്നും സ്വാഭാവിക സ്ത്രീയായി മാറില്ലെന്നും കോടതി പറഞ്ഞു.

പരാതിക്കാരി ജനനസമയത്ത് പുരുഷനായിരുന്നുവെന്നും പിന്നീട് ശസ്ത്രക്രിയ നടത്തിയതാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടും കോടതി പരിഗണിച്ചു.

ട്രാൻസ്‌ജെൻഡർ സ്ത്രീകളെക്കൂടി ഇത്തരം നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശ പുതിയ നിയമം പാസാക്കിയപ്പോൾ പാർലമെന്റ് അംഗീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ പ്രതിക്കെതിരെ ബി.എൻ.എസ് 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, ഈ നിരീക്ഷണങ്ങൾ ബി.എൻ.എസ് 69-ാം വകുപ്പിന്റെ വ്യാഖ്യാനത്തിന് മാത്രമാണ് ബാധകമെന്നും മറ്റ് കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight:Case of sexual assault against a transgender woman: Court rules she is not a ‘woman’ under BNS provisions; accused granted bail.