വാഹനാപകടത്തിലെ ഇന്‍ഷുറന്‍സ് തുക തട്ടിച്ച സംഭവം; ഷാജഹാന്‍ കല്ലമ്പലത്തിനെതിരെ കേസ്
Kerala
വാഹനാപകടത്തിലെ ഇന്‍ഷുറന്‍സ് തുക തട്ടിച്ച സംഭവം; ഷാജഹാന്‍ കല്ലമ്പലത്തിനെതിരെ കേസ്
രാഗേന്ദു. പി.ആര്‍
Tuesday, 13th January 2026, 7:11 pm

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് തുക തട്ടിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ഷാജഹാന്‍ കല്ലമ്പലത്തിനെതിരെ കേസ്. തിരുവനന്തപുരം കിളിമാനൂര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്നത്. സൗദി അറേബ്യയിലെ വാഹനാപകടത്തില്‍ മകന്‍ നഷ്ടപെട്ട മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് തുകയാണ് പ്രതി തട്ടിച്ചത്.

മകന്റെ ഇന്‍ഷുറന്‍സ് തുക വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരം പ്രതി ഇന്‍ഷുറന്‍സ് തുകയായ 60 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് എഫ്.ഐ.ആര്‍.

2021 സെപ്റ്റംബര്‍ 22നാണ് ഷാജഹാന്‍ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയത്. എന്നാല്‍ ക്ലെയിം ശരിയായിട്ടില്ലെന്നാണ് പ്രതി പരാതിക്കാരിയെ ധരിപ്പിച്ചത്. അതേസമയം ക്ലെയിം ശരിയായെന്ന വിവരമറിഞ്ഞ് പരാതിക്കാരി കാര്യം തിരക്കിയപ്പോള്‍ അക്കൗണ്ടിലേക്ക് 29,90,000 ട്രാന്‍സ്ഫര്‍ ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു.

ബാക്കിയുള്ള തുക പ്രതി കൈമാറിയിട്ടില്ലെന്നും എഫ്.ഐ.ആറിലുണ്ട്. ഐ.പി.സി 406, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രവാസി ലീഗല്‍ സെല്‍ വഴിയാണ് തട്ടിപ്പിനിരയായ മന്‍സൂര്‍-രജിത ദമ്പതികള്‍ എന്‍.ആര്‍.ഐ സെല്ലിലും പിന്നീട് എന്‍.ആര്‍.ഐ കമ്മീഷനിലും പരാതി നല്‍കിയത്. തുടര്‍ന്ന് എന്‍.ആര്‍.ഐ സെല്‍ ഷാജഹാനെ വിളിച്ചുവരുത്തിയെങ്കിലും ബാക്കി തുക കൈമാറാന്‍ തയ്യാറായിരുന്നില്ല.

നിലവില്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തത്. മരണപ്പെട്ട യുവാവിന്റെ അമ്മയുടെ പരാതിയെ മുന്‍നിര്‍ത്തിയാണ് നടപടി.

Content Highlight: Case filed against Shahjahan Kallambalam for embezzling insurance money from a accident

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.