ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കുറച്ച് വിയര്‍ക്കേണ്ടി വരും; നെയ്മറിന്റെ സാധ്യത വ്യക്തമാക്കി ആന്‍സലോട്ടി
Sports News
ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കുറച്ച് വിയര്‍ക്കേണ്ടി വരും; നെയ്മറിന്റെ സാധ്യത വ്യക്തമാക്കി ആന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 9:57 pm

2026ലെ ഫിഫ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് കളത്തിലിറങ്ങാന്‍ സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ബ്രസീലിന്റെ മുഖ്യ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി താരത്തിന്റെ സാധ്യതയെക്കുറിച്ച് വ്യക്തമാക്കുകയാണ്.

ലോകകപ്പ് ജൂണിലാണ് ആരംഭിക്കുന്നതെന്നും മെയ് മാസത്തില്‍ താന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ നെയ്മര്‍ മറ്റ് താരങ്ങളെപ്പോലെ ഫിറ്റാണെങ്കില്‍ താരം ലോകകപ്പ് കളിക്കുമെന്നാണ് കാര്‍ലോ ആന്‍സലോട്ടി പറഞ്ഞത്. ഫാബ്രിസിയോ റൊമാരിയോ എന്ന എക്‌സ് അക്കൗണ്ടിലാണ് ബ്രസീല്‍ പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Neymar, Photo: Jogo aberto/x.vom

‘നിങ്ങള്‍ക്ക് നെയ്മറിനെ വലിയ കാര്യമാണെന്ന് എനിക്ക് മനസിലാകും. നെയ്മര്‍ ലോകകപ്പിന് ഇടം നേടുന്നതുമായുള്ള കാര്യം ഞാന്‍ വ്യക്തമാക്കാം. നമ്മള്‍ ഇപ്പോള്‍ ഡിസംബറിലാണ്, ലോകകപ്പ് ജൂണിലാണ് ആരംഭിക്കുന്നത്. മെയ് മാസത്തില്‍ ഞാന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ നെയ്മര്‍ ഫിറ്റാണെങ്കില്‍, യോഗ്യനാണെങ്കില്‍, മറ്റ് താരങ്ങളെ പോലെ മികച്ചവനായാല്‍ അദ്ദേഹം ലോകകപ്പ് കളിക്കും,’ എക്‌സ് അക്കൗണ്ടായ @FabrizioRomanoയില്‍ ആന്‍സലോട്ടി പറഞ്ഞു.

സൂപ്പര്‍ താരം നെയ്മറിന് 2025ഉം മോശം വര്‍ഷമായിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തിലും താരത്തിന് പരിക്ക് പറ്റി കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ തന്റെ ക്ലബ്ബായ സാന്റോസില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നില്ല.

താരത്തിന്റെ പരിക്ക് വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ നെയ്മറിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ പരിശീലകന്‍ ആന്‍സലോട്ടിയുടെ പ്രസ്ഥാവന കൂടെ ആയപ്പോള്‍ ആരാധകര്‍ ഏറെ ആശങ്കയിലാണ്.

കരിയറില്‍ 450 ഗോളുകളാണ് നെയ്മര്‍ ഇതുവരെ നേടിയത്. 79 ഗോളുകളാണ് ബ്രസീലിന് വേണ്ടി താരം അടിച്ചിട്ടത്. 250 അസിസ്റ്റ് ഗോളുകളും നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Carlo Ancetotti Talking About Neymar Jr