'വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ല; ദൃക്‌സാക്ഷികള്‍ പറഞ്ഞത് മാറ്റിപ്പറയാന്‍ സാധിക്കില്ലല്ലോ'; രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ വിനോദ് കെ.ജോസ്
farmers protest
'വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ല; ദൃക്‌സാക്ഷികള്‍ പറഞ്ഞത് മാറ്റിപ്പറയാന്‍ സാധിക്കില്ലല്ലോ'; രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ വിനോദ് കെ.ജോസ്
ശ്രിന്‍ഷ രാമകൃഷ്ണന്‍
Friday, 29th January 2021, 12:11 pm

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.

ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയാണ് കാരവന്‍ എഡിറ്ററായ വിനോദ് കെ.ജോസ്.

”ഏതൊരു മാധ്യമ പ്രവര്‍ത്തകരും ചെയ്യുന്ന വിധത്തില്‍ സംഭവസ്ഥലത്ത് നടന്ന കാര്യങ്ങള്‍ മാത്രമേ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒരു ബ്രേക്കിങ്ങ് ന്യൂസ് പോകുമ്പോള്‍ ദൃക്‌സാക്ഷികളുടെ വേര്‍ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികാരസ്ഥാനത്തിരിക്കുന്ന ആളുകളുടെ വേര്‍ഷനും ദൃക്‌സാക്ഷികളുടെ വേര്‍ഷനും ഒരേ പ്രാധാന്യം തന്നെയാണ് ഉള്ളത്. അവിടെയുണ്ടായിരുന്ന കാരവന്റെ നാല് മാധ്യമ പ്രവര്‍ത്തകര്‍ ദൃക്‌സാക്ഷികള്‍ പറഞ്ഞത് റെക്കോഡ് ചെയ്ത് പുറത്തുവിടുകയാണ് ചെയ്തത്.

തങ്ങളുടെ ഔദ്യോഗിക വേര്‍ഷന്‍ മാത്രമേ മീഡിയയിലൂടെ പുറത്തുവരാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരേയും മാധ്യമങ്ങളെയും ടാര്‍ഗറ്റ് ചെയ്യുകയാണ് എന്നതാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ഒരിക്കലും നമുക്ക് ദൃക്‌സാക്ഷികള്‍ പറയുന്നത് മാറ്റി പറയാന്‍ സാധിക്കില്ലല്ലോ. ഒരാള്‍ കണ്ടു എന്ന് പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്.

കാരവന്‍ അങ്ങിനെ പറഞ്ഞു എന്നല്ല അത് അര്‍ത്ഥമാക്കുന്നത്. കാരവന്‍ അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ക്ക് പറയാന്‍ ഒരു പ്ലാറ്റ്‌ഫോം കൊടുക്കുക മാത്രമാണ് ചെയ്തത്. അത് മാധ്യമങ്ങളുടെ റോളാണ്. അതുകൊണ്ട് തന്നെ അതില്‍ നിന്ന് പിറകോട്ട് പോകാന്‍ സാധിക്കില്ലല്ലോ.

പത്രസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്കിങ്ങ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധം ഏഷ്യയില്‍ ഏറ്റവും മോശമായി ഡീല്‍ ചെയ്ത രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ വന്നിരിക്കുന്നത്. അനുദിനം എല്ലാത്തിലും നമ്മള്‍ പിറകോട്ട് പോകുകയാണ്. അതുകൊണ്ട് തന്നെ ഇതൊരു സര്‍പ്രൈസ് ആയി തോന്നുന്നില്ല,” വിനോദ് കെ. ജോസ് പറഞ്ഞു.

ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കാരവന്‍ മാഗസിന്റെ നാല് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണിത്.

ജനുവരി 26ന് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത് ഉദ്ധരിച്ച് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കര്‍ഷകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെന്ന് ദല്‍ഹി പൊലീസ് പറയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Caravan Editor Vinod K Jose Response on Sedition Case