| Tuesday, 25th March 2025, 9:18 am

വന്നത് മൊത്തം നെഗറ്റീവ് റിവ്യൂ, എന്നിട്ടും ബോക്‌സ് ഓഫീസില്‍ നിന്ന് 400 മില്യണ്‍, മാര്‍വലിന് തത്കാലം ആശ്വസിക്കാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ശേഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് മാര്‍വല്‍ സ്റ്റുഡിയോസ്. വന്‍ ഹൈപ്പിലിറങ്ങിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോള്‍ ഷീ ഹള്‍ക്ക് പോലുള്ള സീരീസിന് മോശം റേറ്റിങ് ലഭിച്ചതും തിരിച്ചടിയായി.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് എന്‍ഡ് ഗെയിമിന് ശേഷം വന്‍ വിജയം നേടിയ മാര്‍വല്‍ ചിത്രങ്ങള്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക ബ്രേവ് ന്യൂ വേള്‍ഡിനും മോശം പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കാനായി.

180 മില്യണ്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം 400 മില്യണാണ് സ്വന്തമാക്കിയത്. പോസിറ്റീവ് റിവ്യൂ ലഭിച്ചിരുന്നെങ്കില്‍ 750 മില്യണ്‍ വരെ നേടാന്‍ ചിത്രത്തിന് സാധിച്ചേനെയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 2022ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പലപ്പോഴായി സ്‌ക്രിപ്റ്റ് മാറ്റിയെഴുതേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ തിരിച്ചടികളിലൊന്ന് ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

റെഡ് ഹള്‍ക്ക് കാമിയോ അടക്കം ഉണ്ടായിരുന്നിട്ടും ശക്തമല്ലാത്ത തിരക്കഥയുടെ അഭാവം ചിത്രത്തെ പിന്നോട്ടുവലിച്ചെന്നായിരുന്നു നിരൂപകര്‍ അഭിപ്രായപ്പെട്ടത്. എന്‍ഡ് ഗെയിമിന് ശേഷം ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡ് ലഭിച്ച സാം വില്‍സണ് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മാര്‍വലിന്റെ ഫേസ് ഫൈവിലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റന്‍ അമേരിക്ക ബ്രേവ് ന്യൂ വേള്‍ഡ്. ഈ ഫേസില്‍ ഇനി ഒരൊറ്റ ചിത്രം മാത്രമാണ് ബാക്കിയുള്ളത്. ഫേസ് ഫൈവിലെ അവസാന ചിത്രമായി എത്തുന്നത് തണ്ടര്‍ബോള്‍ട്ട്‌സാണ്. ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയുള്ള ചിത്രം മെയ് രണ്ടിനാണ് തിയേറ്ററുകളിലെത്തുക.

ഇതിന് ശേഷമാണ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫേസ് സിക്‌സിലേക്ക് മാര്‍വല്‍ കടക്കുക. സ്‌പൈഡര്‍മാന്‍ 4, ഫന്റാസ്റ്റിക് ഫോര്‍, അവഞ്ചേഴ്‌സ് ഡൂംസ് ഡേ തുടങ്ങി മികച്ച പ്രൊജക്ടുകള്‍ മാര്‍വലിന്റെ ലൈനപ്പിലുണ്ട്. 20th സെഞ്ച്വറി ഫോക്‌സിന്റെ കോമിക്കുകളെ വാങ്ങിയ മാര്‍വല്‍ മുന്നോട്ടുള്ള പ്രൊജക്ടുകള്‍ ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Captain America Brave new Word earned 400 million from box office

We use cookies to give you the best possible experience. Learn more