ന്യൂദൽഹി: എം.ജി.എൻ.ആർ.ഇ.ജി.എ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) റദ്ദാക്കിയ വിഷയം പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മഹാത്മാഗാന്ധിയുടെ പേര് പൊതുജനങ്ങളുടെ ഓർമയിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമാണിതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
രചനാത്മക് കോൺഗ്രസ് സംഘടിപ്പിച്ച ദേശീയ എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ഒന്നിക്കണമെന്നും പുതിയ നിയമം നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘മഹാത്മാഗാന്ധിയുടെ പേര് പൊതുജനങ്ങളുടെ ഓർമയിൽ നിന്നും നീക്കം ചെയ്യുന്നതിനും ഗ്രാമസ്വരാജ് എന്ന ആശയത്തെ ദുർബലപ്പെടുത്താനുമാണ് എം.ജി.എൻ.ആർ.ഇ.ജി.എ റദ്ദാക്കൽ ലക്ഷ്യമിടുന്നത്. ബജറ്റ് സമ്മേളനത്തിൽ ഈ വിഷയത്തിനായി ഞങ്ങൾ പോരാടും,’ കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
എം.ജി.എൻ.ആർ.ഇ.ജി.എ റദ്ദാക്കിയതിലൂടെ മോദി സർക്കാരിന്റെ ലക്ഷ്യങ്ങൾ മൂന്ന് കറുത്ത കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലൂടെ നേടിയെടുത്തതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വി.ബി.ജി റാംജി ആക്ടിനെതിരെ കർഷകർ ഐക്യത്തോടെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രർക്ക് അവകാശങ്ങൾ നൽകുകയെന്നതാണ് എം.ജി.എൻ.ആർ.ഇ.ജി.എയുടെ ആശയമെന്നും ജനങ്ങളുടെയും തൊഴിലാളികളുടെയും ശബ്ദമുള്ള പഞ്ചായത്തീരാജ് സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇപ്പോൾ മോദിയും ബി.ജെ.പിയും ആ ആശയം നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കർഷകരെ ആക്രമിക്കുകയും കരിങ്കൽ നിയമങ്ങൾ കൊണ്ടുവരികയും ചെയ്‌തു. പക്ഷേ കർഷകർ അവരെ തടഞ്ഞു. പാർലമെന്റിലും തെരുവുകളിലും കർഷകർ സമ്മർദം ചെലുത്തിയതും ആ നിയമങ്ങൾ റദ്ദാക്കിയതും ഞാൻ ഓർക്കുന്നു. കർഷകരുടെ മേൽ അവർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അതേ ആശയം, ഇപ്പോൾ അവർ തൊഴിലാളികളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്,’ രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണുഗോപാൽ, രചനാത്മക് കോൺഗ്രസ് ചെയർപേഴ്‌സൺ സന്ദീപ് ദീക്ഷിത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Content Highlight: Cancellation of the employment guarantee scheme; Will raise it strongly in the budget session of Parliament: Congress