ഒട്ടാവ: ഗ്രീൻലാൻഡ് പിടിച്ചെടുമെന്നും കാനഡ തങ്ങളുടെ ഭാഗമാണെന്നുമുള്ള അമേരിക്കയുടെ ആവർത്തിച്ചുള്ള പ്രതികരണങ്ങൾക്കിടയിൽ കാനഡ യു.എസ്സിനെതിരെ പ്രധിരോധ സൈനിക നടപടികൾക്കൊരുങ്ങുന്നതായി റിപ്പോർട്ട്.
അമേരിക്കയുടെ സർവ്വ സജ്ജമായ സൈന്യത്തെ നേരിടാൻ കെൽപ്പില്ലാത്ത കാനഡ അഫ്ഗാന്റേതിന് സമാനമായ പാരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായ യുദ്ധരീതികളാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നതെന്ന് കനേഡിയൻ പത്രമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
സായുധരായ സാധാരണക്കാരെയടക്കം ഉൾക്കൊള്ളിച്ച് ചെറു സംഘങ്ങളായി പതിയിരുന്നുള്ള അട്ടിമറിയും ഡ്രോൺ അക്രമണവുമെല്ലാമാണ് സാങ്കല്പിക മാതൃകയിലുള്ളത്.
1979 – 89 കാലത്തെ അഫ്ഗാൻ – സോവിയറ്റ് യുദ്ധത്തിൽ അഫ്ഗാൻ മുജാഹീദുകൾ അവലംബിച്ച ഹിറ്റ് ആൻഡ് റൺ മാതൃകകളാണ് കാനഡ പരിശീലിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
തെക്കുഭാഗത്ത് നിന്നും ഒരു അക്രമമാണ് സാധ്യതയുള്ളതെന്നാണ് കനേഡിയൻ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
അതേസമയം യു.എസ് സൈന്യവുമായുള്ള ബന്ധം ദൃഢമായി തുടരുന്നുവെന്നും റഷ്യൻ ചൈനീസ് മിസ്സൈലുകളെ പ്രതിരോധിക്കാൻ ‘ഗോൾഡൻ ഡോമിൽ’ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കനേഡിയൻ സൈന്യം ഉറപ്പുനൽകുന്നുമുണ്ട്.
കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാവണമെന്നും അത് കാനഡക്ക് ഗുണം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. തിങ്കളാഴ്ച, ഗ്രീൻലാൻഡ്, കാനഡ, ക്യൂബ, വെനസ്വേല എന്നിവിടങ്ങളിൽ യു.എസ് പതാകകൾ കാണിക്കുന്നതരത്തിലുള്ള ഭൂപടത്തോടൊപ്പം യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ എ.ഐ നിർമ്മിത ചിത്രവും ട്രംപ് നവ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
അമേരിക്കൻ ഗ്രീൻലാൻഡ് മോഹം നാറ്റോ സഖ്യത്തിൽ വലിയ വിള്ളലുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അംഗ രാജ്യങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി തുടങ്ങിട്ടുള്ള സഖ്യത്തിൽ അംഗരാജ്യമായ അമേരിക്കതന്നെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു എന്നത് ഏറെ ചർച്ചയായിരിക്കുകയാണ്.