'ഗെയിം ഓവര്‍ ഇസ്രഈല്‍'; ഫുട്‌ബോള്‍ ലോകത്ത് ഇസ്രഈലിനെ വിലക്കാന്‍ ക്യാമ്പയ്ന്‍, അണിചേര്‍ന്ന് ഇതിഹാസങ്ങള്‍
Sports News
'ഗെയിം ഓവര്‍ ഇസ്രഈല്‍'; ഫുട്‌ബോള്‍ ലോകത്ത് ഇസ്രഈലിനെ വിലക്കാന്‍ ക്യാമ്പയ്ന്‍, അണിചേര്‍ന്ന് ഇതിഹാസങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th September 2025, 8:06 am

ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയ്ന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ യുവേഫയും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ‘ഗെയിം ഓവര്‍ ഇസ്രഈല്‍’ ക്യാമ്പയ്ന്‍ ആരംഭിച്ചിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിന് ഒരു വര്‍ഷം തികച്ചില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ക്യാമ്പയ്‌നിന് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് ക്യാമ്പയ്ന്‍ ആരംഭിച്ചത്. ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, സ്‌കോട്‌ലാന്‍ഡ്, സ്‌പെയ്ന്‍ തുടങ്ങിയ നാഷണല്‍ ടീമുകള്‍ ഇസ്രഈല്‍ ദേശീയ ടീമിനോടോ ക്ലബ്ബുകളോടോ കളിക്കരുതെന്നാണ് ക്യാമ്പയ്ന്‍ ആവശ്യപ്പെടുന്നത്. ഒപ്പം ഇസ്രഈലി താരങ്ങളെ വിലക്കണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

ഇതിഹാസ ഫുട്‌ബോള്‍ താരങ്ങളില്‍ നിന്നും പരിശീലകരില്‍ നിന്നും ഈ ക്യാമ്പയ്‌നിന് അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നുണ്ട്. ഫ്രാന്‍സിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ഡ് എറിക് കാന്റോണ, മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ബി.ബി.സി കമന്റേറ്ററുമായ ഗാരി ലിനേക്കര്‍, ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ വാള്‍ട്ടര്‍ സെംഗ, ഐറിഷ് സിനിമാ താരവും ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാവുമായ ലിയാം കണ്ണിങ്ഹാം എന്നിവര്‍ ക്യാമ്പയ്‌നിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് തഗ്ദ് ഹിക്കി, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാറ്റ് കെന്നാര്‍ഡ്, മുന്‍ ഗ്രീക്ക് ധനകാര്യമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ യാനിസ് വാറൗഫാകിസ്, മ്യുസീഷന്‍ ബോബി വിലന്‍ എന്നിവരും ക്യാമ്പയ്‌നിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ലജ്ജിപ്പിക്കുന്നതാണെന്ന് ക്യാമ്പയ്ന്‍ മാനേജര്‍ ആശിഷ് പ്രഷാര്‍ പറഞ്ഞു. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റീനോക്കെതിരെയും പ്രഷാര്‍ വിമര്‍ശനമുന്നയിച്ചു. ഇന്‍ഫാന്റീനോയെ അധാര്‍മികനെന്ന് വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ക്കൊപ്പം ഫലസ്തീന്‍ നാഷണല്‍ ഹീറോകളായ നിരവധി കായിക താരങ്ങളും കൊല്ലപ്പെട്ടിരുന്നു. ഫലസ്തീന്‍ പെലെ എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ – ഒബൈദ്, ലെജന്‍ഡ് ഓഫ് ഖാന്‍ യൂനിസ് എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം വിശേഷിപ്പിച്ച മുഹമ്മദ് ബറക്കത്ത്, അഹമ്മദ് അബു അല്‍ – അത്ത തുടങ്ങിയ നിരവധി ഫുട്‌ബോള്‍ താരങ്ങളാണ് ഇസ്രഈലിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടത്.

അല്‍ ഹിലാല്‍ യൂത്ത് അക്കാദമിയിലെ 14 വയസുകാരന്‍ മുഹമ്മദ് റമീസും കുടുംബത്തിലെ 14 പേരും കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംഭവം വിശദീകരിച്ച് അല്‍ ഹിലാല്‍ ഫിഫയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഇസ്രഈല്‍ ആക്രമണത്തില്‍ ഒരോ ദിവസവും ഗസയില്‍ ഒന്നിലധികം കായിക താരങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. ഫലസ്തീനിന് ഇതിനോടകം 774 കായിക താരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് പി.എഫ്.എ പ്രസിഡന്റ് ജിബ്‌രില്‍ റജൗബ് വ്യക്തമാക്കിയിരുന്നു.

അതേസമയം, അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്ത് നിന്നും ഇസ്രഈലിനെതിരെ കടുത്ത നടപടികളും ഉയരുന്നുണ്ട്. ഇസ്രഈല്‍ 2026 ലോകകപ്പിന് യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

ഫിഫ ക്വാളിഫയേഴ്‌സില്‍ ഇസ്രഈലിനെതിരായ മത്സരത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ഫലസ്തീനിന് നല്‍കുമെന്ന് നോര്‍വേയും പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയന്‍ പരിശീലകന്‍ ഗെന്നരോ ഗട്ടൂസോയും ഇസ്രഈലിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

 

Content Highlight: Campaign calls for Israel to be banned from international football venues