ഈ സീസണിലും നാണംകെടുമോ? ആര്‍ച്ചര്‍ മടങ്ങിയെത്തിയപ്പോള്‍ ഈ സീസണിലെ തുറുപ്പുചീട്ടിന് പരിക്ക്; മുംബൈയുടെ ശനിദശ മാറുന്നില്ലേ?
Mumbai Indians
ഈ സീസണിലും നാണംകെടുമോ? ആര്‍ച്ചര്‍ മടങ്ങിയെത്തിയപ്പോള്‍ ഈ സീസണിലെ തുറുപ്പുചീട്ടിന് പരിക്ക്; മുംബൈയുടെ ശനിദശ മാറുന്നില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 3:57 pm

മുംബൈ ഇന്ത്യന്‍സ് ഒരിക്കലും മറക്കാത്ത വര്‍ഷമായിരിക്കും 2022. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ കരിയറിലെ തന്നെ മോശം സീസണായിരുന്നു ഐ.പി.എല്‍. 2022. ഒന്നിന് പിന്നാലെ ഒന്നായി പരാജയങ്ങളേറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.

പ്രധാന താരങ്ങളുടെ പരിക്കായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പൊന്നും വിലകൊടുത്ത് വാങ്ങിയ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന് ഒറ്റ മത്സരം പോലും സീസണില്‍ കളിക്കാന്‍ സാധിക്കാതെ വന്നതും ടീമിന് തിരിച്ചടിയായി.

എട്ട് കോടി രൂപക്കായിരുന്നു താരത്തെ മുംബൈ ടീമിലെത്തിച്ചത്. സീസണ്‍ പകുതിയോടെ താരം ടീമിനൊപ്പം ചേരുമെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ. എന്നാല്‍ പരിക്ക് കാരണം താരത്തിന് ഐ.പി.എല്‍ 2022 പൂര്‍ണമായും നഷ്ടമാവുകയായിരുന്നു.

കൈമുട്ടിനേറ്റ പരിക്ക് സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സസക്‌സിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നട്ടെല്ലിനേറ്റ ക്ഷതത്തിന്റെ രൂപത്തില്‍ പരിക്ക് പിടികൂടിയതോടെ തിരിച്ചുവരവ് വീണ്ടും നീളുകയായിരുന്നു.

എന്നാല്‍ പരിക്ക് ഭേദമായി താരം ടീമിനൊപ്പം മടങ്ങിയെത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ആറാം കിരീടം സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു.

എന്നാല്‍ മറ്റൊരു പരിക്കിന്റെ വാര്‍ത്തയാണ് മുംബൈ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്. 17.5 കോടി രൂപക്ക് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനിനാണ് ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നത്. ബൗളിങ് ഓള്‍ റൗണ്ടറുടെ കൈവിരലിനാണ് പരിക്കേറ്റിരിക്കുന്നത്.

ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ഗ്രീനിന് പരിക്കേറ്റത്.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അഞ്ച് വിക്കറ്റ് വീഴ്ത്തി പ്രോട്ടീസ് നിരയെ തച്ചുടച്ചാണ് ഗ്രീന്‍ കരുത്ത് കാട്ടിയത്. 10.4 ഓവറില്‍ കേവലം 27 റണ്‍സ് വഴങ്ങിയായിരുന്നു താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയതിന് പിന്നാലെയാണ് ഗ്രീനിന് പരിക്കേറ്റത്. പ്രോട്ടീസ് പേസര്‍ ആന്‍ റിച്ച് നോര്‍ക്കിയ എറിഞ്ഞ ഡെലിവറി താരത്തിന്റെ കൈവിരലില്‍ കൊള്ളുകയായിരുന്നു.

പന്തടിച്ചതിന് ശേഷം വേദന സഹിക്കാനാവാതെ ഗ്രീന്‍ പുളയുകയായിരുന്നു. ഗ്ലൗസ് ഊരിയപ്പോള്‍ താരത്തിന്റെ വിരലില്‍ നിന്നും രക്തം വരുന്നത് കണ്ടതോടെ ആരാധകരും ആശങ്കയിലായി.

പിന്നാലെ 20 പന്തില്‍ നിന്നും ആറ് റണ്‍സുമായി ക്രീസില്‍ നില്‍ക്കവെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി കളം വിടുകയായിരുന്നു. മെഡിക്കല്‍ ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ മടക്കം.

ഇതോടെ ഓസീസ് നിരയില്‍ ഫുള്‍ ഫിറ്റായ ബൗളര്‍മാരുടെ എണ്ണം മൂന്നായി ചുരുങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, സ്‌കോട് ബോളണ്ട് എന്നിവരാണ് ഓസീസ് ബൗളിങ് നിരയില്‍ ബാക്കിയുള്ളത്.

അതേസമയം, ഗ്രീനിന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടില്ല.

ഗ്രീനിന് പുറമെ ഡേവിഡ് വാര്‍ണറും മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായിരുന്നു. മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന്റെ ആവേശം അതിരുകടന്നതോടെയാണ് താരത്തിന് കളം വിടേണ്ടി വന്നത്.

 

Content Highlight: Cameroon Green injured during South Africa vs Australia Boxing Day test