എന്തൊരഴക്, എന്തൊരു ഭംഗി; വീണ്ടും വണ്ടര്‍ ക്യാച്ചുമായി കാമറോണ്‍ ഗ്രീന്‍; വീഡിയോ
Cricket news
എന്തൊരഴക്, എന്തൊരു ഭംഗി; വീണ്ടും വണ്ടര്‍ ക്യാച്ചുമായി കാമറോണ്‍ ഗ്രീന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th June 2023, 11:44 pm

ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് താരം കാമറോണ്‍ ഗ്രീന്‍ എടുത്ത അവിശ്വസനീയമായ ക്യാച്ചിനെ വാനോളം പുകഴ്ത്തി ആരാധകര്‍. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മികച്ച തുടക്കം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 28 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും കൂടാരം കയറ്റിയാണ് കംഗാരുപ്പട തിരിച്ചടിച്ചത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഒമ്പതാം ഓവറിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഈ ഓവറിലെ മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് സ്ലിപ്പില്‍ മൂന്നാമനായി നിന്ന കാമറോണ്‍ ഗ്രീന്‍ അവിശ്വസനീയമായൊരു ഡൈവിങ്ങിലൂടെ ഇടംകൈ കൊണ്ട് ക്യാച്ചെടുത്ത് പുറത്താക്കിയത്.

ഡക്കറ്റിന്റെ ബാറ്റില്‍ തട്ടി അതിവേഗം താഴ്ന്നു വന്ന പന്ത് നിലത്തുരുമ്മിയോ എന്നു പോലും സംശയമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഗ്രീന്‍ ക്യാച്ചെടുത്തത്. സമീപമുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരെ എന്നിവര്‍ പോലും അവിശ്വസനീയതോടെയാണ് ഇത് കണ്ടുനിന്നത്.

ഗ്രീനിന്റെ ക്യാച്ചിനെ അവിശ്വസനീയം എന്നാണ് ആരാധകരും വിമര്‍ശകരും സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തുന്നത്. വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പന്ത് നിലത്ത് തട്ടിയോ എന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത്. 28 പന്ത് നേരിട്ട ഡക്കെറ്റിന് 19 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പത്താം ഓവറിലെ ആദ്യ പന്തില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ട് ഓപ്പണര്‍ സാക്ക് ക്രൗളിയെ കൂടി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്കായിരുന്നു ക്യാച്ച്.

25 പന്ത് നേരിട്ട ക്രൗളി ഏഴ് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇതോടെ 10 ഓവറിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടമായി. മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ആകെ ലീഡ് 35 റണ്‍സായി വര്‍ധിച്ചിട്ടുണ്ട്. ജോ റൂട്ടും (0) ഒലീ പോപ്പുമാണ് (0) ക്രീസില്‍.

മൂന്നാം ദിനം ഓസീസിനെ 386 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും കഴിഞ്ഞു. ഏഴ് റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലീഷ് ടീമിന് ലഭിച്ചത്.

Content Highlights: Cameron green takes wonder catch in edgebaston test