2026 ഐ.പില്ലിനോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ലേലത്തില്‍ റജിസറ്റര്‍ ചെയ്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീന്‍. ഗ്രീന്‍ 1355 അംഗങ്ങള്‍ അടങ്ങുന്ന പട്ടികയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഇ.എസ്.പി.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയാണ് ഗ്രീനിന്.
പരിക്ക് കാരണം 2025ലെ മെഗാ ലേലത്തില്‍ പങ്കെടുക്കാതിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗീന്‍ ലേലത്തില്‍ തിരിച്ചെത്തുമ്പോള്‍ താരത്തെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ മത്സരിക്കുമെന്നത് ഉറപ്പാണ്.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിന് വേണ്ടിയും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുമാണ് ഗ്രീന്‍ നേരത്തെ കളിച്ചത്. ടൂര്‍ണമെന്റില്‍ 29 മത്സരങ്ങളില്‍ കളിച്ച താരം 707 റണ്‍സാണ് നേടിയത്. 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 41.59 എന്ന ആവറേജും 153.70 എന്ന സ്‌ട്രൈക്ക് റേറ്റും ഗ്രീന്‍ നേടിയിട്ടുണ്ട്.
അതേസമയം ഓസീസിന് വേണ്ടി അന്താരാഷ്ട്ര ടി-20യിലും ഗ്രീന്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. 21 മത്സരങ്ങളില്‍ നിന്ന് 521 റണ്‍സ് താരം നേടി. ഐ.പി.എല്ലില്‍ സജീവമായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയിന്‍ അലി, ഫാഫ് ഡു പ്ലെസി, ആന്ദ്രെ റസല്‍ എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ച സാഹചര്യത്തിലാണ് ഓള്‍റൗണ്ടര്‍ ഗ്രീന്‍ ലേലത്തിനെത്തുന്നത്.
അതേസമയം 2026 ഐ.പി.എല്ലില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ഡിസംബര്‍ 16നാണ് മിനി ലേലം ആരംഭിക്കുന്നത്.
Content highlight: Cameron Green is participating in the IPL 2026 auction