ട്രംപിന്റെ സമാധാന ബോർഡ്; ക്ഷണം സ്വീകരിച്ച് കംബോഡിയ
World
ട്രംപിന്റെ സമാധാന ബോർഡ്; ക്ഷണം സ്വീകരിച്ച് കംബോഡിയ
ശ്രീലക്ഷ്മി എ.വി.
Monday, 26th January 2026, 6:43 pm

ഫ്‌നോം പെൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാനബോർഡിലേക്കുള്ള ക്ഷണം സ്വീകരിച്ച് കംബോഡിയ.

ഇന്ന് (തിങ്കൾ) യു.എസ് ഇന്തോ-പസഫിക് കമാൻഡർ അഡ്മിറൽ സാമുവൽ ജെ. പാപരോയുമായുള്ള സന്ദർശനത്തിനിടെ സമാധാന ബോർഡിൽ അംഗമാകുമെന്നുള്ള വിവരം കംബോഡിയൻ പ്രസിഡന്റ് ഹൺ മാനെറ്റ് അറിയിച്ചു.

പുതുതായി നിർദേശിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനയിൽ കംബോഡിയയുടെ പങ്കാളിത്തം രാജ്യത്തിന്റെ ആഗോള സമാധാനത്തോടുള്ള ഉറച്ച പ്രതിബദ്ധത പ്രകടമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 16ന് അയച്ച കത്തിൽ ട്രംപ് ബോർഡിന്റെ സ്ഥാപക അംഗമാകാനും അതിന്റെ ചാർട്ടറിൽ ഒപ്പുവെക്കാനും കംബോഡിയയെ ക്ഷണിച്ചിരുന്നു.

നിലവിൽ കംബോഡിയയടക്കം അർജന്റീന, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബെലാറസ്, ബൾഗേറിയ, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, മൊറോക്കോ, മംഗോളിയ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ബോർഡിൽ ചേരാനുള്ള ക്ഷണം സ്വീകരിച്ചത്.

സ്വിറ്റ്സർലൻഡിലെ ദവോസിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗസ സമാധാന ബോർഡിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്.

ഗസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കുന്ന ലോകനേതാക്കളുടെ ചെറിയ സംഘമായാണ് ബോർഡിനെ ആദ്യം വിഭാവനം ചെയ്തത്.

എന്നാൽ സമാധാന ബോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായ ഒരു കൂട്ടായ്മയെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

തായ്‌ലൻഡ്- കംബോഡിയ സംഘർഷത്തിൽ വെടിനിർത്തലിനും സമാധാന കരാറുകൾക്കുമുള്ള കംബോഡിയയുടെ ഉറച്ച നിലപാട് കംബോഡിയൻ പ്രധാനമന്ത്രി ആവർത്തിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ, നിലവിലുള്ള ഉടമ്പടികൾ, ശാശ്വതമായ അതിർത്തി പരിഹാരം കൈവരിക്കുന്നതിനുള്ള കരാറുകൾ എന്നിവയ്ക്ക് അനുസൃതമായി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

Content Highlight: Cambodia accepts invitation to Trump’s peace board

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.