| Tuesday, 4th March 2025, 3:07 pm

ഒരാളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരാളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി.

പാകിസ്ഥാനി എന്ന് വിളിക്കുന്നത് മോശമായ കാര്യമാണെങ്കിലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിയമങ്ങളുടെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.

ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

പാകിസ്ഥാനി എന്ന് വിളിച്ചതിന് കേസെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. പിന്നാലെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ജാര്‍ഖണ്ഡ് സ്വദേശിയായ ഉറുദു വിവര്‍ത്തകനും ആക്ടിങ് ക്ലാര്‍ക്കുമായ എം.ഡി. ഷമീം ഉദ്ദീനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ഷമീമിന്റെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 298 (മതവികാരം വ്രണപ്പെടുത്തല്‍), 504 (സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനം), 353 (പൊതുപ്രവര്‍ത്തകനെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നത്.

വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരി നന്ദന്‍ സിങ്ങിനെ ഷമീം സമീപിച്ചത്. തുടര്‍ന്ന് തന്റെ മതം പറഞ്ഞ് ഉദ്യോഗസ്ഥന്‍ തന്നെ അധിക്ഷേപിച്ചെന്നും ഔദ്യോഗികമായ കൃത്യനിര്‍വഹണം തടഞ്ഞെന്നുമാണ് ഷമീം പറയുന്നത്.

പരാതിക്കാരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥാന്‍ ‘മിയാന്‍-ടിയാന്‍’ എന്നും ‘പാകിസ്ഥാനി’ എന്നും വിളിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഷമീം ഹരി നന്ദന്‍ സിങ്ങിനെതിരെ പരാതി നൽകിയത്.

Content Highlight: Calling someone a Pakistani is not an offense for hurting religious sentiments: Supreme Court

We use cookies to give you the best possible experience. Learn more