യു.എസിന്റെ പിന്മാറ്റത്തിനുപിന്നാലെ ലോകാരോഗ്യ സംഘടനയിൽ പങ്കാളിയായി കാലിഫോർണിയ
California
യു.എസിന്റെ പിന്മാറ്റത്തിനുപിന്നാലെ ലോകാരോഗ്യ സംഘടനയിൽ പങ്കാളിയായി കാലിഫോർണിയ
ശ്രീലക്ഷ്മി എ.വി.
Saturday, 24th January 2026, 5:12 pm

സാക്രമെന്റോ: യു.എസിന്റെ പിന്മാറ്റത്തിന് ശേഷം ലോകാരോഗ്യ സംഘടനയിൽ പങ്കാളിയായി കാലിഫോർണിയ.

ലോകാരോഗ്യ സംഘടനയിൽ നിന്നും യു.എസിനെ പിൻവലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് ശേഷം സംഘടനയിൽ ചേരുന്ന ആദ്യത്തെ യു.എസ് സംസ്ഥാനമാണ് കാലിഫോർണിയയെന്നാണ് റിപ്പോർട്ടുകൾ.

ലോകാരോഗ്യ സംഘടനയിൽ ചേരുന്നതുവഴി പുതിയ ആരോഗ്യ ഭീഷണികൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനും ആഗോള വിദഗ്ധരുമായി നേരിട്ട് പ്രവർത്തിക്കുന്നതിനും കാലിഫോർണിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങുമെന്നുള്ള നോട്ടീസ് നൽകി ഒരു വർഷത്തിന് ശേഷമാണ് സംഘടനയിൽ പങ്കുചേരാനുള്ള കാലിഫോർണിയയുടെ തീരുമാനം.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു യു.എസ് ലോകാരോഗ്യ സംഘടനയിൽ നിന്നും വ്യാഴാഴ്ച ഔദ്യോഗികമായി പിന്മാറിയത്.

ഈ നീക്കത്തെ അപലപിച്ചുകൊണ്ട് കാലിഫോർണിയ ഗവർണർ
ഗാവിൻ ന്യൂസം രംഗത്തെത്തി. നിരവധി ആളുകളെ വേദനിപ്പിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനമാണിതെന്ന് ഗാവിൻ ന്യൂസം പറഞ്ഞു.

ഈ തീരുമാനം വരുത്തുന്ന കുഴപ്പങ്ങൾക്ക് കാലിഫോർണിയ സാക്ഷ്യം വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടും പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നത് തങ്ങൾ തുടരുമെന്നും പൊതുജനാരോഗ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉയർന്നുവരുന്ന പൊതുജനാരോഗ്യ ഭീഷണികൾ കണ്ടെത്തുന്നതിനും അവയോട് പ്രതികരിക്കുന്നതിനും സഹകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതായും ഗവർണറുടെ ഓഫീസ് അറിയിച്ചു.

360 ലധികം സാങ്കേതിക സ്ഥാപനങ്ങൾ അടങ്ങുന്ന ഈ സംഘടന ലോകരാജ്യങ്ങളിലേക്ക് ജീവനക്കാരെയും വിഭവങ്ങളേയും എത്തിക്കുന്നതിനുള്ള പൊതുജനാരോഗ്യ പരിപാടികൾ ചെയ്തുവരുന്നു.

കൊവിഡ് 19 ഉൾപ്പെടെയുള്ള മഹാമാരികൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.

Content Highlight: California joins WHO after US withdrawal

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.