| Wednesday, 15th October 2025, 5:53 pm

സീരിയല്‍ നമ്പറില്ലാത്ത ബാലറ്റ് പേപ്പര്‍ നൽകിയത് ചട്ടവിരുദ്ധം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാന്‍സലര്‍. സീരിയല്‍ നമ്പറും റിട്ടേര്‍ണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തടയാനും നിര്‍ദേശമുണ്ട്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയതില്‍ വിശദ അന്വേഷണത്തിനും ഉത്തരവിട്ടു.

മുതിര്‍ന്ന അഞ്ച് അധ്യാപകര്‍ അടങ്ങുന്ന സമിതിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വി.സിയുടെ നീക്കം.

ഒക്ടോബര്‍ 10നായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനിടെ ബാലറ്റില്‍ സീരിയല്‍ നമ്പറും റിട്ടേര്‍ണിങ് ഓഫീസറുടെ ഒപ്പും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു- എം.എസ്.എഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

പിന്നാലെ എസ്.എഫ്.ഐയും യു.ഡി.എസ്.എഫും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെ കീറിയെറിഞ്ഞുകൊണ്ടായിരുന്നു തര്‍ക്കം.

എസ്.എഫ്.ഐ തിരുകികയറ്റിയ വ്യാജബാലറ്റുകളാണ് കീറിയെറിഞ്ഞതെന്ന് എം.എസ്.എഫും തോല്‍വി മനസിലായപ്പോള്‍ എം.എസ്.എഫ് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട ബാലറ്റ് വലിച്ചുകീറിയതാണെന്ന് എസ്.എഫ്.ഐയും ആരോപിച്ചിരുന്നു.


തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും കാലിക്കറ്റ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്തിരുന്നു. നിലവില്‍ റിട്ടേര്‍ണിങ് ഒഫീസര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Content Highlight: Calicut University department Union elections cancelled

We use cookies to give you the best possible experience. Learn more