| Tuesday, 30th September 2025, 2:38 pm

സ്പോണ്‍സര്‍മാര്‍ കൊക്കകോള, പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂല ആരാധകര്‍; കമന്റ് ബോക്‌സ് പൂട്ടി കാലിക്കറ്റ് എഫ്.സി

സ്പോര്‍ട്സ് ഡെസ്‌ക്

സ്‌പോണ്‍സര്‍മാരായി കൊക്ക കോളയെ അവതരിപ്പിച്ചതില്‍ ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി സൂപ്പര്‍ ലീഗ് കേരള ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി. സെപ്റ്റംബര്‍ 28നാണ് കൊക്കകോളയെ തങ്ങളുടെ ഔദ്യോഗിക പാര്‍ട്ണര്‍മാരായി ക്ലബ്ബ് അവതരിപ്പിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചായിരുന്നു ഇക്കാര്യം ക്ലബ്ബ് അധികൃതര്‍ ആരാധകരെ അറിയിച്ചത്. ‘ഫീല്‍ഡില്‍ യഥാര്‍ത്ഥ മാജിക്’, ഞങ്ങളുടെ ഓദ്യോഗിക ഡ്രിങ്കിങ് പാര്‍ട്ണറായ കൊക്കകോള ഓരോ നിമിഷത്തിലും യഥാര്‍ത്ഥ മാജിക് കൊണ്ടുവരാന്‍ തയ്യാറാണ് എന്ന അടികുറിപ്പോടെയാണ് കാലിക്കറ്റ് എഫ്.സി പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ആരാധകര്‍ പ്രതിഷേധവുമായെത്തി.

ഫലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിന് പിന്തുണയ്ക്കുന്ന കമ്പനികളില്‍ ഒന്നാണ് അമേരിക്കന്‍ കമ്പനിയായ കൊക്കകോള. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. പോസ്റ്റിന് താഴെ നിരവധി ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധം അറിയിക്കുകയും ക്ലബ്ബിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇതോടെ, ക്ലബ്ബ് തങ്ങളുടെ പോസ്റ്റിന് കമന്റ് ഇടാനുള്ള ഓപ്ഷന്‍ ഒഴിവാക്കുകയായിരുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിന് കമന്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ഫേസ്ബുക്കില്‍ കമന്റ് ബോക്‌സ് ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മറ്റ് പോസ്റ്റുകള്‍ക്കും കമന്റ് ചെയ്യാന്‍ കഴിയുന്നുണ്ട്.

അതേസമയം, ഒക്ടോബര്‍ രണ്ടിനാണ് സൂപ്പര്‍ ലീഗ് കേരള ആരംഭിക്കുന്നത്. ടൂര്‍ണമെന്റിലെ രണ്ടാം സീസണില്‍ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി കളത്തിലിറങ്ങും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചിയാണ് കാലിക്കറ്റിന്റെ എതിരാളികള്‍.

സൂപ്പര്‍ ലീഗ് കേരളയുടെ നിലവിലെ ചാമ്പ്യന്മാരെയാണ് കാലിക്കറ്റ് എഫ്.സി. ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ചായിരുന്നു ടീം കപ്പുയര്‍ത്തിയത്. പുതിയ സീസണില്‍ ഈ കിരീടം നിലനിര്‍ത്താനാണ് ടീം ഇറങ്ങുന്നത്.

Content Highlight: Calicut Fc restrict comment box after Palestine supporting fans protest against making Coca Cola as club’s sponsors

We use cookies to give you the best possible experience. Learn more