കല്ലുമ്മക്കായയും ഉപ്പിലിട്ടതുമില്ലാത്ത കോഴിക്കോട്, ആ ഉന്തുവണ്ടിക്കാര്‍ എവിടെയാണ്?
details
കല്ലുമ്മക്കായയും ഉപ്പിലിട്ടതുമില്ലാത്ത കോഴിക്കോട്, ആ ഉന്തുവണ്ടിക്കാര്‍ എവിടെയാണ്?
രോഷ്‌നി രാജന്‍.എ
Saturday, 1st August 2020, 12:14 pm

ചൂടുള്ള ചായയും കല്ലുമ്മക്കായയും ഐസൊരതിയും കഴിച്ച് കോഴിക്കോട് കടപ്പുറത്ത് കാറ്റു കൊണ്ടിരുന്ന വൈകുന്നേരങ്ങള്‍ അന്യമായിരിക്കുന്നു. കടപ്പുറത്തു നിന്നും വാങ്ങുന്ന ഉപ്പിലിട്ടതിന്റെയും കടലവറുത്തതിന്റെയും രുചി നാവില്‍ നിന്ന് പോയിത്തുടങ്ങിയിരിക്കുന്നു. കോഴിക്കോടിന്റെ തന്നെ മുഖമായ കടലോര ഉന്തുവണ്ടിക്കച്ചവടക്കാര്‍ ഈ മഹാമാരിക്കാലത്ത് എന്ത് ചെയ്യുകയായിരിക്കും, അവര്‍ എങ്ങനെയായിരിക്കും ജീവിക്കുന്നുണ്ടാവുക എന്ന അന്വേഷണത്തിനൊടുവിലാണ് ചിലരെ കണ്ടുമുട്ടിയത്.

ഉപ്പുകാറ്റുകൊണ്ട് തുരുമ്പ് പിടിച്ച പൊട്ടിപ്പൊളിഞ്ഞ തങ്ങളുടെ ഉന്തുവണ്ടിക്കരികില്‍ നിന്ന് ഫിറോസും, സമീറും അസ്‌കറുമെല്ലാം ഈ കൊവിഡ്കാലം തങ്ങളിലേല്‍പ്പിച്ച പരിക്കുകളെക്കുറിച്ച് പറയുമ്പോള്‍ ഇനിവരുന്ന കാലവും എങ്ങനെയായിരിക്കുമെന്ന ആശങ്ക ആ മുഖങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരുന്നു. ആറുമാസത്തോളമായി അടച്ചിട്ട തന്റെ ഉന്തുവണ്ടി ക്യാമറയില്‍ പകര്‍ത്താനായി ഫിറോസ് തുറന്നു തന്നപ്പോള്‍ പൂപ്പലുപിടിച്ച ഉപ്പുമാങ്ങയും നെല്ലിക്കയും പൈനാപ്പിളുമാണ് വണ്ടിക്കകത്ത് അവശേഷിച്ചിരുന്നത്. ‘ഇതൊന്നു വൃത്തിയാക്കാന്‍ കൂടി പൊലീസ് ഞങ്ങളെ അനുവദിച്ചില്ല മോളേ, കടം മേടിച്ച കാശുകൊണ്ടാണ് ഇതെല്ലാം വാങ്ങിവെച്ചത്’. ഫിറോസ് പറഞ്ഞു നിര്‍ത്തി.

 

ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മാര്‍ച്ച് പകുതിയോടെയാണ് കോഴിക്കോട് കടപ്പുറത്തെ ഉന്തുവണ്ടിക്കാര്‍ കടയടച്ച് മടങ്ങിയത്. അന്നവര്‍ കരുതിയിരുന്നില്ല ആറുമാസങ്ങള്‍ക്കിപ്പുറവും അവരുടെ കട തുറക്കാന്‍ കഴിയില്ലെന്ന്. ഉന്തുവണ്ടിക്കച്ചവടം നടത്തുന്ന തൊഴിലാളികളില്‍ ഒട്ടുമിക്കവരും സാമ്പത്തികമായി വലിയ തകര്‍ച്ചയിലാണുള്ളത്. വാടകവീടൊഴിഞ്ഞും ചിലവുകള്‍ നടത്താന്‍ പെടാപാടുപെട്ടും ജീവിക്കുകയാണ് പലരും. ജീവിതത്തിന്റ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഇവര്‍ക്കുമുന്നില്‍ മഹാമാരിയോളം തന്നെ പ്രതിസന്ധിയാവുകയാണ് തൊഴിലെടുക്കാനാവാത്ത ജീവിതവും. സഹായത്തിനായി ചെന്നുമുട്ടാത്ത വാതിലുകളില്ലെന്ന് അവര്‍ പറയുന്നു. നൂറില്‍പ്പരം ഉന്തുവണ്ടിക്കച്ചവടക്കാര്‍ കോഴിക്കോട് കടപ്പുറത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. തങ്ങളേക്കാള്‍ കഷ്ടമാണ് അതില്‍ മറ്റുപലരുടെയും കാര്യമെന്ന് ഫിറോസും സമീറും അസ്‌കറും പറയുന്നു.

കൊവിഡ് കാലം മാറ്റിമറിച്ച സമീറിന്റെ ജീവിതം

മുപ്പത് വര്‍ഷമായി കോഴിക്കോട് കടപ്പുറത്ത് ഉന്തുവണ്ടിക്കച്ചവടം നടത്തുന്നയാളാണ് വെള്ളയില്‍ സ്വദേശിയായ സമീര്‍. ഉപ്പിലിട്ടതും പഴങ്ങളും ഐസൊരതിയും വിറ്റു കിട്ടുന്ന കാശുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാന്‍ സമീറിന് സാധിച്ചിരുന്നു. മൂന്നു കുട്ടികളുടെ പഠനച്ചിലവും വീട്ടുവാടകയും കഴിഞ്ഞ് മിച്ചം വെക്കാനും തന്റെ കയ്യില്‍ കാശുണ്ടായിരുന്നുവെന്ന് സമീര്‍ പറയുന്നു. എന്നാല്‍ കൊറോണക്കാലം സമീറിന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. ലോക്ക്ഡൗണിന് ഒരാഴ്ച മുമ്പു തന്നെ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കടപ്പുറത്തെ എല്ലാ ഉന്തുവണ്ടിക്കച്ചവടവും നിര്‍ത്തലാക്കുകയായിരുന്നു. ഇത് താല്‍ക്കാലികമായൊരു കടയടപ്പ് ആയിരിക്കുമെന്ന് സമീര്‍ കരുതി. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, കടപ്പുറത്ത് റെഡ്‌സോണും യെല്ലോസോണും മാറിമാറി വന്നു. സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ ചുറ്റുവട്ടത്തുള്ള പല കടകളും തുറന്നപ്പോഴും ഉന്തുവണ്ടികള്‍ ഇറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ലെന്ന് സമീര്‍ പറയുന്നു. ഇപ്പോള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞിരിക്കുന്നു. ഇനിയും തൊഴില്‍ ചെയ്യാന്‍ കഴിയുന്നില്ല. മറ്റെന്തെങ്കിലും തൊഴിലിന് ശ്രമിക്കുന്നുണ്ടെങ്കിലും ഈ കൊവിഡൊന്നു കെട്ടടങ്ങാതെ എന്ത് തൊഴില്‍ ലഭിക്കാനാണ്? സമീര്‍ പറയുന്നു.

കടപ്പുറത്ത് വണ്ടിയിറക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍സല്‍ സംവിധാനം നടത്താനെങ്കിലും അനുമതിയുണ്ടാവണമെന്ന ആവശ്യം തൊഴിലാളികളെല്ലാം ചേര്‍ന്ന് യൂണിയന് മുമ്പില്‍ വെച്ചിരുന്നു. എന്നാല്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ യൂണിയന്‍ നേതാക്കള്‍ ഇതുവരെയും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഞങ്ങള്‍ തൊഴിലാളികള്‍ കളക്ടറെ നേരിട്ടു കാണാം എന്ന് അറിയിച്ചെങ്കിലും അതിനും യൂണിയന്‍ നേതാക്കള്‍ സമ്മതിച്ചില്ല.
സ്വിഗ്ഗിയും പൊട്ടാഫോയും പോലുള്ള ഭക്ഷ്യവിതരണശ്യംഖലകളില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സാമ്പത്തികശേഷിയുള്ളവരല്ല ഉന്തുവണ്ടിത്തൊഴിലാളികള്‍. അപ്പോള്‍ പിന്നെ ഈ ദുരിതങ്ങളെല്ലാം സഹിച്ച് ജീവിക്കുക തന്നെ, അല്ലാതെന്തു ചെയ്യാനാണ്.

കുട്ടികള്‍ക്ക് മണ്ണുവാരിക്കൊടുത്താല്‍ മതിയോ, അസ്‌കര്‍ ചോദിക്കുന്നു

കച്ചവടം മുടങ്ങിയത് പട്ടിണിയിലേക്കാണ് ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചതെന്ന് പറയുകയാണ് കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ അസ്‌ക്കര്‍. ‘ജീവിക്കാന്‍ മറ്റ് വഴികളൊന്നും മുന്നിലില്ല, ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇതുവരെയും തങ്ങള്‍ക്കൊരു സഹായവും ലഭിച്ചിട്ടില്ല. യൂണിയനായാലും മറ്റ് രാഷ്ട്രീയപാര്‍ട്ടികളായാലും ഞങ്ങളെ കയ്യൊഴിഞ്ഞ മട്ടാണ്. കൊവിഡ് എന്ന് അവസാനിക്കുമെന്ന് കരുതിയാണ്. അതുവരെയും ഞങ്ങള്‍ക്ക് ജീവിക്കണ്ടേ, വിശക്കുമ്പോള്‍ കുട്ടികള്‍ക്ക് മണ്ണ് വാരിക്കൊടുക്കാന്‍ പറ്റുമോ? അസ്‌കര്‍ ചോദിക്കുന്നു.

കോഴിക്കോട് കടപ്പുറത്ത് കച്ചവടം നടത്താനുള്ള ലൈസന്‍സ് ഉണ്ട് അസ്‌കര്‍ ഉള്‍പ്പെടെയുള്ള നൂറ്റിരണ്ടോളം കച്ചവടക്കാര്‍ക്ക്. ബീച്ചില്‍ കച്ചവടം നടത്തുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് ലൈസന്‍സ് ആവശ്യമായി വരുന്നത്. മറ്റുള്ള തെരുവുകച്ചവടക്കാര്‍ക്കെല്ലാം ഐഡന്റിറ്റി കാര്‍ഡ് വഴി കച്ചവടം നടത്താന്‍ കഴിയും. കടപ്പുറത്ത് കച്ചവടം നടത്തുന്നതിനായി കോര്‍പ്പറേഷന് വര്‍ഷത്തില്‍ 8500 രൂപ വീതവും കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലുള്ള പോര്‍ട്ടിന് 1650 രൂപ വീതവും അടക്കുന്നവരാണ് ലൈസന്‍സുള്ള ഈ ഉന്തുവണ്ടിക്കച്ചവടക്കാര്‍.

വര്‍ഷത്തില്‍ സര്‍ക്കാറിന് വേണ്ടി ഇത്രയും തുക നല്‍കിയിട്ടും ഞങ്ങള്‍ ഈ കൊവിഡ് കാലത്ത് ഒറ്റപ്പെടുകയാണുണ്ടായത്. ഒരു ഉന്തുവണ്ടിക്കച്ചവടം കൊണ്ട് ഒരാളല്ല ജീവിക്കുന്നത്. അതിരാവിലെ മാര്‍ക്കറ്റില്‍ നിന്ന് ഉള്ളിയും സാധനങ്ങളും വാങ്ങിവരുന്നവര്‍, കല്ലുമ്മക്കായ നന്നാക്കി കൊണ്ടുവരുന്നവര്‍, പച്ചക്കറിയും മാങ്ങയുമൊക്കെ അരിഞ്ഞുകൊടുക്കുന്നവര്‍, ചായയടിക്കുന്നയാള്‍ അങ്ങനെ കുറഞ്ഞത് രണ്ട് പേരെങ്കിലും ഒരു കടയില്‍ തൊഴില്‍ ചെയ്യും. ഇൗ തൊഴിലാളികളുടെയെല്ലാം ഉപജീവനമാര്‍ഗമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

കയറിക്കിടക്കാന്‍ സ്വന്തമായി വീടുപോലുമില്ലാത്തവരാണ് കച്ചവടക്കാരില്‍ പലരും. അസ്‌ക്കറും രണ്ട് കുട്ടികളും ഭാര്യയും ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ‘കച്ചവടം തുടങ്ങാനായില്ലെങ്കിലും സാമ്പത്തികസഹായമെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഞങ്ങള്‍ കമ്മീഷണറെ പോയിക്കണ്ടിരുന്നു. എന്നാല്‍ മോശം അനുഭവമാണ് ഉണ്ടായത്. ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കമ്മീഷണര്‍ ഞങ്ങളെ മടക്കിയയക്കുകയാണ് ഉണ്ടായത്’ അസ്‌ക്കര്‍ പറയുന്നു.

‘കൊവിഡ്ക്കാലം കഴിഞ്ഞാലും കച്ചവടം തുടരണമെങ്കില്‍ വലിയ പ്രയാസമായിരിക്കും. ഉന്തുവണ്ടികളെല്ലാം തകര്‍ന്നുകിടക്കുകയാണ്, പഴയപോലെ വണ്ടിയൊന്ന് ശരിയാക്കണമെങ്കില്‍ ഒരു ലക്ഷം രൂപയുടെ അടുത്ത് ചിലവ് വരും. അത്രയും കാശ് ഈ അവസ്ഥയില്‍ ഇവിടെ ആര്‍ക്കും സംഘടിപ്പിക്കാന്‍ ആവില്ല’.

ലോണുപോലും കിട്ടാതെ അലഞ്ഞ ദിനങ്ങള്‍, ഫിറോസ് പറയുന്നു

വെള്ളയില്‍ സ്വദേശിയായ ഫിറോസിനും പറയാനുള്ളത് സമാനമായ കഥകള്‍ തന്നെയാണ്. കച്ചവടം മുടങ്ങി കയ്യില്‍ കാശില്ലാതെ ലോണിന് വേണ്ടി ഓടിയ നാളുകള്‍ ഫിറോസ് ഓര്‍ത്തെടുക്കുന്നു. ‘ഒരു ലോണിന് വേണ്ടി ദിവസങ്ങളാണ് ഞാന്‍ ഓടി നടന്നത്. എന്നാല്‍ ഫലം കണ്ടില്ല. യൂണിയന്‍കാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന അവഗണനയാണ് വല്ലാതെ വേദനപ്പിക്കുന്നത്. കൊടിപിടിക്കാനും പിരിവ് നല്‍കാനും മാത്രം ഞങ്ങളെ ഉപയോഗിക്കുന്നത് ശരിയായി തോന്നുന്നില്ല. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാരും യൂണിയന്‍കാരുമല്ലാതെ മറ്റാര്‍ക്കാണ് ഞങ്ങളെ സഹായിക്കാന്‍ കഴിയുക’, ഫിറോസ് ചോദിക്കുന്നു.

പതിനേഴ് വര്‍ഷത്തോളമായി കോഴിക്കോട് കടപ്പുറത്ത് ഉന്തുവണ്ടിക്കച്ചവടം നടത്തുന്നയാളാണ് ഫിറോസ്. കൊവിഡ്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാവുകയാണ് ഫിറോസിന്റെ ജീവിതവും.

കൊവിഡ്കാലം ഈ തൊഴിലാളികളുടെ ജീവിതത്തില്‍ വരുത്തിയ പ്രതിസന്ധി ചെറുതൊന്നുമല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ഇളവുകളോടെയും മറ്റുള്ള കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോഴും കോഴിക്കോട് കടപ്പുറത്തെ ഉന്തുവണ്ടിതൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മാര്‍ഗം നഷ്ടപ്പെട്ടു കിടക്കുകയാണ്. തുരുമ്പുപിടിച്ച പൊട്ടിപ്പൊളിഞ്ഞ ഉന്തുവണ്ടികള്‍ക്കിടയില്‍ നിന്ന് കഥപറയുമ്പോള്‍ ജീവിതം തുരുമ്പു പിടിക്കാതെ നോക്കാനുള്ള തത്രപ്പാടിലാണ് ഈ മനുഷ്യര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.