| Wednesday, 3rd June 2020, 5:09 pm

കാലിക്കറ്റ് ഗേള്‍സ് സ്‌കൂളിന് ദേശീയ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് രാജ്യത്തെ മികച്ച വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്കുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകാരം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ക്വാളിറ്റി കൗണ്‍സിലിന്റെ അംഗീകാരം നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കൂളും എയിഡഡ് മേഖലയിലെ ഒന്നാമത്തെ സ്‌കൂളുമാണിത്.

2700ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അഞ്ചു വര്‍ഷത്തോളമായി നബറ്റ് അംഗീകാരം ലഭിക്കുന്നതിനായുള്ള കഠിന പ്രയത്‌നത്തിലായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപാള്‍ അബ്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അന്തര്‍ദേശീയ നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്താനായി അഞ്ചുവര്‍ഷമായി ഞങ്ങള്‍ കഠിന പ്രയത്‌നത്തിലായിരുന്നു. കേരളത്തിലെ സര്‍ക്കാരിന് കീഴിലുള്ള നബറ്റ് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യത്തെ എയ്ഡഡ് സ്‌കൂളാണ് കാലിക്കറ്റ് ഗേള്‍സ്. 2700ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് സ്‌കൂള്‍ മുന്നോട്ട് വെക്കുന്നതും,’ പ്രിന്‍സിപാള്‍ അബ്ദു പറഞ്ഞു.

നബറ്റ് മാന്വല്‍ നിര്‍ദേശിക്കുന്ന 50തില്‍ പരം മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്വാളിറ്റി സിസ്റ്റം മാന്വല്‍ തയ്യാറാക്കിയത്. ഉന്നത നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍, ലൈബ്രറി, ഹൈടെക് കിച്ചണുകള്‍, ടിങ്കറിങ് ലാബ്, ജൈവ ഉദ്യാനം തുടങ്ങിയവയ വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിനോടകം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.ആര്‍.ടിയുടെ ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും നേരത്തെ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നാലു കോടി രൂപയോളം മാനേജ്‌മെന്റ് വിനിയോഗിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more