ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: 2005 വരെ അനധികൃതമായി നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും (ഏകദേശം 50000 acres) ഒറ്റതവണ കൊണ്ട് കരഭൂമിയാക്കി നല്‍കാനും അതുവരെയുള്ള നിലം നികത്തല്‍ നിയമവിധേയമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫെബ്രുവരി 8 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതുവരെ പുറത്തറിയിക്കാത്ത ഈ തീരുമാനം നടപ്പിലാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
വീട് വെക്കാനോ, പൊതു ആവശ്യത്തിനോ നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നീര്‍ത്തടം നികത്താനോ, അതിനു അനുമതി നല്‍കാനോ സര്‍ക്കാരിന് നിയമപ്രകാരം അധികാരമില്ല. അതിനാല്‍ത്തന്നെ ഈ മന്ത്രിസഭാ യോഗ തീരുമാനം നിയമവിരുദ്ധമാണ്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനു മുന്‍പും നീര്‍ത്തടം നികത്തുന്നത് നിയമവിരുദ്ധം ആയിരുന്നു. കേരളാ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് നിലംനികത്തല്‍ ആ സമയത്തുതന്നെ കുറ്റമാണ്. ഈ മന്ത്രിസഭാ തീരുമാനത്തോടെ അത്തരം കുറ്റങ്ങള്‍ ലീഗലൈസ് ചെയ്തു. ഇത് ഏകദേശം 50000 ഏക്കര്‍ നീര്‍ത്തടം നശിപ്പിക്കും. 2005 നു ശേഷം നികത്തിയവരും ഇപ്പോള്‍ നികത്തുന്നവരും ഇനി അവകാശപ്പെടുക തങ്ങള്‍ നേരത്തെ നികത്തി എന്നായിരിക്കും.