മോദി തന്ത്രങ്ങള്‍ ഫലിച്ചില്ല, തിരിഞ്ഞുകൊത്തി ബോളിവുഡ്
ശ്രിന്‍ഷ രാമകൃഷ്ണന്‍

ഹിറ്റ്ലര്‍ ആഗ്രഹിച്ചത് പോലെ ഒരു സ്വേച്ഛാധിപത്യ ജര്‍മ്മനി കെട്ടിപ്പെടുക്കുന്നതില്‍ അക്കാലത്തെ ജര്‍മന്‍ സിനിമകളുടെ പങ്ക് ഏറെ വലുതായിരുന്നു. ജര്‍മ്മന്‍ സംവിധായകനായ ഫ്രിട്ട്സ് ഹോപ്ലറിന്റെ ‘എറ്റേണല്‍ ജ്യൂ’ പോലെയുള്ള, ജൂത വംശത്തിനെതിരായ നിരവധി സിനിമകള്‍ ജര്‍മ്മനിയില്‍ അക്കാലത്ത് പിറവിയെടുത്തത് യാദൃശ്ചികമായിരുന്നില്ല.

ഒരു സമൂഹത്തിന്റെ ചിന്താമണ്ഡലങ്ങളെ ആഴത്തില്‍ സ്വാധീനിക്കാന്‍ സിനിമകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നതിനാല്‍, പലപ്പോഴും സിനിമകള്‍ ഏകാധിപതികളുടെ രാഷ്ട്രീയ മാധ്യമങ്ങള്‍ കൂടിയായിരുന്നു എന്നതാണ് ലോക ചരിത്രം. ഈ വഴി തന്നെ പിന്തുടരാമെന്നാണ് മോദി-അമിത് ഷാ കൂട്ടുകെട്ടും കരുതിക്കാണുക. ബോളിവുഡിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ എക്കാലത്തും ബി.ജെ.പി ശ്രമിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

ലക്ഷക്കണക്കിന് ആരാധകരുള്ള താരങ്ങള്‍, അവര്‍ ആരാധിക്കുന്ന താരം പ്രധാനമന്ത്രി നരേന്ദ്രമോദി. എളുപ്പത്തില്‍ ഒരു സൂപ്പര്‍ താരമാവാനുള്ള മികച്ച മാര്‍ഗം. ‘മേരെ പ്യാരേ ദേശ് വാസിയോം, നോട്ട് നിരോധനം പരാജയമെങ്കില്‍ നിങ്ങളൈന്നെ ജീവനോടെ കത്തിച്ചു കൊള്ളൂ’ എന്ന നാടകത്തേക്കാളൊക്കെ ഇത് എറെ ഗുണം ചെയ്യുമെന്ന് മോദിക്ക് മറ്റാരും പഠിപ്പിച്ചു കൊടുക്കേണ്ടതുമില്ല.

പത്രസമ്മേളനങ്ങള്‍ നടത്താത്ത, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാത്ത നമ്മുടെ പ്രധാനമന്ത്രി ബോളിവുഡ് സിനിമാതാരം
അക്ഷയ് കുമാറിനൊപ്പം മണിക്കൂറുകള്‍ കിസ പറഞ്ഞതിന്റെ രഹസ്യവും മറ്റൊന്നല്ല. ജനങ്ങളുടെ ആരാധനപാത്രമായവരുടെ ആരാധകന്‍ താനാണെന്ന് അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ്.

ജനകീയ പ്രക്ഷോഭങ്ങളില്‍ ഇന്ത്യ ആളിക്കത്തിയപ്പോഴും, നോട്ടുനിരോധനത്തില്‍ ക്യൂ നിന്ന് ജനങ്ങള്‍ കുഴഞ്ഞു വീണ് മരിച്ചപ്പോഴും, കശ്മീര്‍ ജനത ഒറ്റ രാത്രികൊണ്ട് തടവിലാക്കപ്പെട്ടപ്പോഴും ഒന്നും പ്രധാനമന്ത്രിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. പക്ഷേ, തന്റെ മാമ്പഴക്കൊതിയെക്കുറിച്ചും ഇഷ്ടവിനോദങ്ങളെക്കുറിച്ചും എല്ലാം ബോളിവുഡിനോട് സൊറ പറയാന്‍ പ്രധാനമന്ത്രിക്ക് എന്തൊരു ഉത്സാഹമായിരുന്നു.

ബോളിവുഡ് താരങ്ങളെ ഉപയോഗിച്ച് ജനസമ്മിതി നേടുക എന്ന തന്ത്രം മോദി അധികാരത്തിലെത്തിയ അന്നു മുതല്‍ തന്നെ പയറ്റിത്തുടങ്ങിയതാണ്. മോദിയെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ ബോളിവുഡിനും മടിയൊന്നുമില്ലായിരുന്നു. ചുരുങ്ങിയ പക്ഷം പിണക്കാതിരിക്കുക എന്ന നയമാണ് മിക്കവരും സ്വീകരിച്ച് പോന്നതും.

എന്നാല്‍ ഇപ്പോള്‍ ദീപിക പദുക്കോണ്‍ അടക്കമുള്ളവര്‍ ജെ.എന്‍.യു അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നേരിട്ട്് ക്യാംപസിലെത്തുമ്പോള്‍, നിരവധി ബോളിവുഡ് താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി തെരുവിലിറങ്ങുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് അത് അസ്വസ്ഥതയുണ്ടാക്കുമെന്നതില്‍ സംശയമൊന്നുമില്ല.

സോനം കപൂര്‍, അനില്‍ കപൂര്‍, അനുരാഗ് കശ്യപ്, ഷബാന ആസ്മി, ആലിയ ബട്ട് തുടങ്ങി ബോളിവുഡിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരുമൊക്കെ ജെഎന്‍യുവിന് പിന്തുണയുമായി എത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നേരിട്ടെത്തി അക്രമത്തിനിരയായവരെയും സമരം ചെയ്യുന്നവരെയും അഭിവാദ്യം ചെയ്ത ദീപിക പദുകോണ്‍ രാജ്യത്തിന് വലിയ ഊര്‍ജം തന്നെയാണ് നല്‍കിയത്. മുഖ്യധാര മാധ്യമങ്ങള്‍ വരെ സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്ന കാലമാണിതെന്നു കൂടി ഓര്‍ക്കണം.

അതുകൊണ്ട് മോദി ഭക്തനായ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്ലബിക് ടിവിക്ക് ഇത് ജെ.എന്‍.യു ഫിലിം പ്രമോഷന്‍ എന്ന ഹാഷ് ടാഗില്‍ ഒതുക്കാന്‍ തോന്നിയാലും കുറ്റം പറയാനാകില്ല. വേറെയെന്താണ് അര്‍ണബിനെ പോലുള്ള അവതാരകരില്‍ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളത്.

സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങളെ ബോളിവുഡ് താരങ്ങളെ ഉപയോഗിച്ച് ശമിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു പിയുഷ് ഗോയാലിന്റെ നേതൃത്വത്തില്‍ ബോളിവുഡിനൊരുക്കിയ വിരുന്ന് സത്കാരം. പൗരത്വ ഭേദഗതി ബില്ലില്‍ തുറന്ന ചര്‍ച്ചയാണ് സല്‍ക്കാരത്തിന്റെ ഉദ്ദേശ്യമെന്നൊക്കെയാണ് പറഞ്ഞത്.

ഇരുന്നൂറോളം സെലിബ്രിറ്റികള്‍ക്ക് ആഡംബര ഹോട്ടലില്‍ കോടികള്‍ ചിലവിട്ട് ആഹാരം വിളമ്പിയിട്ട് എന്ത് ചര്‍ച്ചയാണ് അവിടെ നടന്നത്. ഏതായാലും സെലിബ്രിറ്റികള്‍ക്കുള്ള വിരുന്ന് നാടകം വിചാരിച്ച പോലെ ഏറ്റില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയൊക്കെ പുറത്താക്കിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതെങ്കിലും വിചാരിച്ചത്ര ആളുകള്‍ എത്തിയില്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഈ കുറഞ്ഞ ഹാജര്‍ ഒരര്‍ത്ഥത്തില്‍ പ്രതീക്ഷയാണ്. നമുക്ക് ആശ്വസിക്കാം കാര്യങ്ങള്‍ അത്ര അധപതിച്ചിട്ടില്ല എന്ന നിലയില്‍

സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെ ബോളിവുഡിന് വിരുന്ന് സല്‍ക്കാരം ഒരുക്കി ശമിപ്പിക്കാന്‍ ശ്രമിച്ച അതേ രാത്രിയാണ്് ബോളിവുഡിലെ മറ്റൊരു വിഭാഗം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി തെരുവിലിറങ്ങിയത്.

ജാമിയ വിഷയത്തിലും വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും പിന്തുണയുമായി പ്രത്വി രാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍ തുടങ്ങിയ കേരളത്തില്‍ നി്ന്നുള്ള അഭിനേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഭരണഘടന അട്ടിമറിക്കാനും, മതേതരത്വം തകര്‍ക്കാനുമുളള ശ്രമങ്ങള്‍ക്കെതിരെ ഇപ്പോഴുയര്‍ന്നു വരുന്നതു പോലെ ശക്തമായ പ്രതിരോധം ഉണ്ടാകേണ്ടതാണ്. അതിന് കലാസാംസ്‌കാരിക രംഗത്തുള്ളവരുടെ പിന്തുണ അനിവാര്യവുമാണ്. ഈ വിഷയത്തില്‍ പുരോഗമനപരമായ നിലപാടെടുത്ത് ബോളിവുഡ് ഇനിയും ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി നിന്നില്ലെങ്കിലും മോഡിയും-അമിത്ഷായും വെറും പിളേളര്‍ എന്നു മുന്‍വിധിയെഴുതിയ, ഒരു ചായകുടിക്കണമെങ്കില്‍ പോലും ആരോടെങ്കിലും കടം വാങ്ങേണ്ട അവസ്ഥയുള്ള ആ തുകടേ തുകടേ വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്തിനൊപ്പമുണ്ടാകും. അവര്‍ പ്രതിരോധം തീര്‍ക്കും കാരണം അവര്‍ക്ക് ഈ രാജ്യത്തെ അറിയാം.