'അല്ലറ ചില്ലറയായി അദ്ദേഹം എന്നെ വലിച്ചു കീറി'; ജഡേജയെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍
ICC WORLD CUP 2019
'അല്ലറ ചില്ലറയായി അദ്ദേഹം എന്നെ വലിച്ചു കീറി'; ജഡേജയെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2019, 8:33 am

സെമിയിലെ ഇംഗ്ലണ്ടിനെതിരായ രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പ്രകടനത്തെ അഭിനന്ദിച്ച് സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ കളിയാക്കാന്‍ താന്‍ ഉപയോഗിച്ച വാക്ക് കൊണ്ടാണ് മുന്‍ ഇന്ത്യന്‍ താരം അദ്ദേഹത്തെ പ്രശംസിച്ചതും.

‘അല്ലറ ചില്ലറയായി അദ്ദേഹം ഇന്ന് എന്നെ വലിച്ചു കീറിയിരിക്കുകയാണ്. എപ്പോഴും കാണുന്ന ജഡേജയെ അല്ല ഇന്ന് നമ്മള്‍ കണ്ടത്. അവസാന 40 മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന് സ്‌കോര്‍ 33 ആയിരുന്നു. പക്ഷെ ഇന്നദ്ദേഹം സമര്‍ത്ഥമായി ബാറ്റ് ചെയ്തു.’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.ഐ.സി.സിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്നലെ ബാറ്റുകൊണ്ടും ബോള് കൊണ്ടും മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച താരം 59 ബോളില്‍ 77 റണ്‍സെടുക്കുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ ധോണിയുമായി ജഡേജ പടുത്തുയര്‍ത്തിയ 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകിയിരുന്നത്.

നേരത്തെ ഇന്ത്യാ-ഇംഗ്ലണ്ട് കമന്ററിക്കിടെ രവീന്ദ്ര ജഡേജ ‘അല്ലറ ചില്ലറ’ കളിക്കാരന്‍മാത്രമാണെന്ന മഞ്ജരേക്കറിന്റെ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. ഇത്തരം അല്ലറ ചില്ലറ താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

നിങ്ങള്‍ കരിയറില്‍ മൊത്തം കളിച്ച കളികളേക്കാള്‍ കൂടുതല്‍ കളികള്‍ ഞാന്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുന്നുണ്ടെന്നും ജഡേജ സഞ്ജയ്ക്ക് മറുപടി നല്‍കിയിരുന്നു.