ബട്ടര്‍ഫ്‌ളൈ എഫക്ടിന്റെ കാര്യത്തില്‍ മഹേഷിന്റെ പ്രതികാരം മാറി നില്‍ക്കും... ആദ്യമായി ബിയറടിച്ച ഒരുത്തന്‍ കാരണമുണ്ടായ പുകിലുകളുമായി ബ്ലാസ്റ്റ്
Indian Cinema
ബട്ടര്‍ഫ്‌ളൈ എഫക്ടിന്റെ കാര്യത്തില്‍ മഹേഷിന്റെ പ്രതികാരം മാറി നില്‍ക്കും... ആദ്യമായി ബിയറടിച്ച ഒരുത്തന്‍ കാരണമുണ്ടായ പുകിലുകളുമായി ബ്ലാസ്റ്റ്
അമര്‍നാഥ് എം.
Tuesday, 2nd June 2026, 10:54 pm

യാതൊരു അനക്കവുമുണ്ടാക്കാതെ തിയേറ്ററുകളിലെത്തി വേര്‍ഡ് ഓഫ് മൗത്തിലൂടെ വന്‍ ഹിറ്റായ ധാരാളം സിനിമകളുണ്ട്. കാസ്റ്റിങ് കൊണ്ടോ ബജറ്റ് കൊണ്ടോ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണ്ടാക്കാത്ത ചിത്രങ്ങള്‍ വിജയിക്കുന്നത് ഇന്നത്തെ കാലത്ത് അപൂര്‍വമാണ്. അത്തരത്തില്‍ സൈലന്റായി വന്ന് ഹിറ്റടിച്ചിരിക്കുകയാണ് തമിഴ് ചിത്രം ബ്ലാസ്റ്റ്.

കേരളത്തില്‍ വെറും 75 സ്‌ക്രീനില്‍ മാത്രം ആദ്യദിനം പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോള്‍ 150നടുത്ത് സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. 90സ് കിഡ്‌സിന്റെ ഫേവറെറ്റായ ആക്ഷന്‍ കിങ് അര്‍ജുന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായെത്തിയ ചിത്രം വന്‍ വിജയമാണ് സ്വന്തമാക്കുന്നത്. ആദ്യാവസാനം ആക്ഷന്‍ സീനുകള്‍ കൊണ്ട് ത്രസിപ്പിച്ച ചിത്രത്തില്‍ അഭിരാമിയും പ്രീതി മുകുന്ദനും കട്ടക്ക് സ്‌കോര്‍ ചെയ്യുന്നുണ്ട്.

രാമരാജന്‍ എന്ന കരാട്ടെ മാസ്റ്റര്‍, അയാളുടെ ഭാര്യ നീലവേണി, മകള്‍ നിലാ എന്നിവരുടെ ജീവിതത്തിലേക്ക് ഒരുകൂട്ടം ഗുണ്ടകള്‍ വരുന്നതാണ് കഥ. തമ്മില്‍ ബന്ധമില്ലാത്ത നായകന്റെ കുടുംബത്തെയും വില്ലനെയും തമ്മില്‍ കണക്ട് ചെയ്യിക്കുന്ന ഭാഗം രസകരമായാണ് സംവിധായകന്‍ ഒരുക്കിയത്. ബട്ടര്‍ഫ്‌ളൈ എഫക്ട് അതിമനോഹരമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റ്.

റോഡില്‍ ചെക്കിങ്ങിന് നില്‍ക്കുന്ന പൊലീസുകാര്‍ മദ്യപിച്ച് വണ്ടിയോടിച്ച ചെറുപ്പക്കാരനെ പിടിക്കുന്നു. പിറന്നാളായതിനാല്‍ ജീവിതത്തില്‍ ആദ്യമായി ബിയറടിച്ചതാണെന്ന് അയാള്‍ പറയുമ്പോള്‍ പൊലീസുകാരന്‍ ആ ചെറുപ്പക്കാരനെ വെറുതെ വിടുകയാണ്. എന്നാല്‍ പെട്ടെന്ന് വണ്ടിയെടുത്ത് പോകുന്നതിനിടയില്‍ മറ്റൊരു കാറിനെ വെട്ടിക്കുകയും ആ കാര്‍ അപകടത്തിലാവുകയും ചെയ്യുന്നു.

കാറിലുള്ളത് പ്രധാന വില്ലന്റെ വിശ്വസ്തനായിരുന്നു. 1000 കോടിയുടെ ഡീലിനായി പോകുന്നതിനിടയിലായിരുന്നു ഈ ആക്‌സിഡന്റ്. പിന്നീടങ്ങോട്ട് നടക്കുന്ന ചെയിന്‍ ഓഫ് ഇവന്റുകള്‍ വില്ലന്മാരുടെ ഗ്യാങ്ങിനെയും നായകന്റെ കുടുംബത്തെയും ഒരു പോയിന്റിലെത്തിക്കുകയാണ്. ചെറുപ്പക്കാരനെ വെറുതെ വിട്ട പൊലീസുകാരന്റെ കുടുംബത്തെയും വില്ലന്മാര്‍ ഒടുവില്‍ തടവിലാക്കുന്നുണ്ട്.

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന ടെക്‌നിക്കാണ് ബട്ടര്‍ഫ്‌ളൈ എഫക്ട്. ആദ്യസിനിമയില്‍ ഇത്തരം രീതി പരീക്ഷിച്ചവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് മലയാളികളുടെ സ്വന്തം ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരത്തില്‍ നായകനായ മഹേഷും വില്ലനായ ജിംസണും തമ്മില്‍ അടിയാകുന്നത് ഈ ബട്ടര്‍ഫ്‌ളൈ എഫക്ട് കാരണമാണ്.

മരണവീട്ടില്‍ ചെന്ന മഹേഷ് ഭാവന ‘റോബസ്റ്റ കൊള്ളാം’ എന്ന് പറയുന്നതിലൂടെയാണ് സിനിമയിലെ പ്രധാന പ്രശ്‌നം ഉടലെടുക്കുന്നത്. ഇത് പിന്നീട് ഒരു ചെയിന്‍ ഓഫ് ഇവന്റായി അവസാനം മഹേഷിന് തന്നെ അടി വാങ്ങി കൊടുക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ബട്ടര്‍ഫ്‌ളൈ എഫക്ട് ഗംഭീരമായി ഉപയോഗിച്ച ചിത്രമെന്ന് ബ്ലാസ്റ്റിനെ വിശേഷിപ്പിക്കാം.

Content Highlight: Butterfly effect used well in Blast movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം