ഐ.സി.സി ടി-20 ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ച ആവശ്യശങ്ങള്‍ പരിഗണിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാകാതെ വന്നപ്പോഴാണ് കടുവകള്‍ അപെക്‌സ് ബോര്‍ഡിനോട് കലഹിച്ച് ലോകകപ്പില്‍ നിന്നും പിന്മാറിയത്.
ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന ആശങ്കയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും മുമ്പോട്ട് വെച്ചത്. ബംഗ്ലാദേശിന്റെ മത്സരങ്ങളെല്ലാം ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബി.സി.ബിയുടെ പ്രധാന ആവശ്യം.
എന്നാല്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന സ്വതന്ത്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ ഐ.സി.സി ഈ ആവശ്യം നിഷ്‌കരുണം നിരാകരിക്കുകായിരുന്നു.
ബംഗ്ലാദേശില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷവും അത് ഇന്ത്യയിലുണ്ടാക്കിയ അലയൊലികളുമാണ് ഫലത്തില്‍ ബംഗ്ലാദേശിന്റെ പുറത്താകലിന് കാരണമെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ ഐ.പി.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ പിക്കുകളിലൊന്നാണ് ഇന്ത്യയില്‍ ഈ ചര്‍ച്ചയും വിവാദവും രൂക്ഷമാക്കിയത്.
ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സൂപ്പര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കെ.കെ.ആര്‍ ടീമിലെത്തിച്ചിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 9.2 കോടിക്കാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെത്തിച്ചത്.
മുസ്തഫിസുര്‍ റഹ്‌മാന്‍
മുസ്തഫിസുറിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ കൊല്‍ക്കത്തയ്ക്ക് മുസ്തഫിസുറിനെ ഒഴിവാക്കേണ്ടതായും വന്നു.
ബംഗ്ലാദേശ് താരത്തെ ഐ.പി.എല്ലില്‍ നിന്നും വിലക്കിയതും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിരുന്നു. എല്ലാത്തിനുമൊടുവില്‍ ആ തര്‍ക്കങ്ങള്‍ ബംഗ്ലാദേശിന് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.
മുസ്തഫിസുറിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ പാഡലാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ വിധി നിശ്ചയിച്ചതെന്ന് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറയാന്‍ സാധിക്കും.
ടി-20 ലോകകപ്പ് ബംഗ്ലാദേശിലെ എല്ലാ ക്രിക്കറ്റ് ആരാധകരും ബഹിഷ്‌കരിക്കുമെന്നും, കോടിക്കണക്കിന് ആളുകള്‍ ടൂര്‍ണമെന്റ് കാണാതിരിക്കുന്ന വകയില്‍ ഐ.സി.സിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബംഗ്ലാദേശ് പറഞ്ഞിരുന്നു.
ബംഗ്ലാദേശിന് പകരം യൂറോപ്യന്‍ വമ്പന്‍മാരായ സ്‌കോട്‌ലാന്‍ഡാണ് ലോകകപ്പിനെത്തുന്നത്. ഐ.സി.സി ഇതിനോടകം തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
യൂറോപ്യന്‍ ക്രിക്കറ്റില്‍ തങ്ങളുടെ സ്ഥാനം നേടിയെടുത്ത സ്‌കോട്‌ലാന്‍ഡിന് ഈ ലോകകപ്പ് ഒരിക്കല്‍ക്കൂടി സ്വയം തെളിയിക്കാനുള്ള അവസരമാണ്. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സി-യിലാണ് സ്‌കോട്‌ലാന്‍ഡ്.
Content Highlight: Butterfly effect in cricket: Kolkata Knight Riders, Bangladesh, T20 World Cup 2026