നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
“അയാള്‍ ഇനിഗോയെ തോല്പിച്ചു”- ഫെസിക് (തുര്‍ക്കി) വിളിച്ചുപറഞ്ഞു. തുര്‍ക്കിക്കത് വിശ്വസിക്കാന്‍ വിഷമമുണ്ടായിരുന്നു. അയാള്‍ക്ക് ഇനിഗോയെ ഇഷ്ടമായിരുന്നു. തന്റെ നഴ്‌സറി പാട്ടുകള്‍ കേട്ട് കളിയാക്കിച്ചിരിക്കാത്ത ഒരേ ഒരാള്‍ ഇനിഗോ ആയിരുന്നു.
അവരിപ്പോള്‍ ഗില്‍ഡര്‍ അതിര്‍ത്തിയിലേക്കുള്ള ഒരു മലമ്പാതയിലൂടെ നീങ്ങുകയാണ്. ഒരിടുങ്ങിയ വഴിയായിരുന്നു അത്. നിറയെ ഭീമാകാരങ്ങളായ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞത്. സിസിലിയന് ഫെസിക്കിന്റെ ഒപ്പമെത്താന്‍ വളരെ പാടുപെടേണ്ടി വന്നു. ഫെസിക്ക് ബട്ടര്‍കപ്പിനെ തന്റെ തോളില്‍ എടുത്തിരുന്നു. ഇപ്പോഴും അവളുടെ കൈകളും കാലുകളും കെട്ടിയിടപ്പെട്ട അവസ്ഥയിലാണ്.
“നീ പറഞ്ഞതെന്താണെന്ന് ഞാന്‍ കേട്ടില്ല. ഒന്നുകൂടി പറയൂ”- കൂനന്‍ സിസിലിയന്‍. കൂനന്‍ തന്റെ ഒപ്പം എത്തുന്നതുവരെ ഫെസിക് കാത്തുനിന്നു.
“നോക്കൂ”. ഫെസിക് അടിവാരത്തിലെ മലമ്പാതയിലേക്ക് വിരല്‍ ചൂണ്ടി. കറുത്ത മുഖംമൂടി അവരുടെ അടുത്തേക്ക് ഓടിവരുന്നത് കാണാമായിരുന്നു. “ഇനിഗോ തോറ്റിരിക്കുന്നു.”[]
“അസാധ്യം, അചിന്ത്യം!”- സിസിലിയന്‍ പൊട്ടിത്തെറിച്ചു. ഫെസിക് ഒരിക്കലും സിസിലിയനെ എതിര്‍ത്തിരുന്നില്ല. അതുകൊണ്ട് ഫെസിക് സ്വയം തിരുത്തി. “ശരിയാണ്, ഞാനെന്തൊരു വിഡ്ഢിയാണ്. ഇനിഗോ തോറ്റിട്ടില്ല. ഇനിഗോ കറുത്ത മുഖംമൂടിയെ തോല്പിച്ചതാണ്. എന്നിട്ട് ഇനിഗോ അയാളുടെ വസ്ത്രങ്ങളും മുഖംമൂടിയും ബൂട്‌സും ധരിച്ചതിനുശേഷം തൂക്കം എണ്‍പത് റാത്തല്‍ കൂടി വര്‍ദ്ധിപ്പിച്ച് നമ്മെ തേടിവരികയാണ്.”
സിസിലിയന്‍ ഇടംകണ്ണിട്ട് ഓടിവരുന്ന രൂപത്തെ നോക്കി. എന്നിട്ട് ഫെസിക്കിന്റെ നേരെ ചീറി. “വിഡ്ഢി, ഇത്രകൊല്ലം കഴിഞ്ഞിട്ടും നിനക്ക് ഇനിഗോയെ കണ്ടാലറിയില്ലേ. അത് ഇനിഗോ അല്ല.”
“ഞാനൊരിക്കലും പഠിക്കില്ല.” തുര്‍ക്കി സമ്മതിച്ചു. “എന്തെങ്കിലും ഒരു കാര്യം തെറ്റിപ്പറയണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി.”
“ഇനിഗോയെ അയാള്‍ തോല്പിച്ചതായിരിക്കണം. അല്ലെങ്കില്‍ കുമാര്‍ഗങ്ങളിലൂടെ പറ്റിച്ചതായിരിക്കണം. അതാണ് ശരിയായ വിശദീകരണം.”
“അവളുടെ കെട്ടുകള്‍ അഴിക്കൂ.” സിസിലിയന്‍ ഉത്തരവിട്ടു. ഫെസിക് ബട്ടര്‍കപ്പിനെ താഴെയിറക്കി അവളുടെ കെട്ടുകള്‍ അഴിച്ചു. എന്നിട്ടവളുടെ കാല്‍മടമ്പുകള്‍ തിരുമ്പി ചൂടുപിടിപ്പിച്ചു. എന്നാലല്ലേ അവള്‍ക്ക് നടക്കാനാവൂ.
“എന്നോടൊപ്പം ഓടിക്കോളൂ”. ബട്ടര്‍കപ്പിന്റെ കൈപിടിച്ചു വലിച്ചുകൊണ്ട് കൂനന്‍ പറഞ്ഞു.
“നിര്‍ദ്ദേശങ്ങള്‍!” ഫെസിക്ക് വിളിച്ചുകൂവി. എന്തു ചെയ്യണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിക്കാതെ ഫെസിക്കിന് ഒന്നും ചെയ്യാനാവില്ല.
“എനിക്ക് വാള്‍പ്പയറ്ററിയില്ല.”- തുര്‍ക്കി.
“നിന്റെ വഴി” -കോപത്തോടെ കൂനന്‍ വിളിച്ചു പറഞ്ഞു.
“ശരി എന്റെ വഴി. വസിനി, നന്ദി. ഇപ്പോള്‍ കൂനന്റെ പേര് അറിഞ്ഞില്ലേ. പക്ഷേ, എന്തെങ്കിലും ഒരു നിര്‍ദേശം തരണം”- ഫെസിക്ക്.
“നീ എപ്പോഴും ശക്തിയെപ്പറ്റി പറയാറുണ്ടല്ലോ? അതുപയോഗിക്കൂ. എങ്ങിനെയാണെന്നത് നിന്റെ കാര്യം”- നിരത്തിലെ ഒരു വളവിലേക്ക് ചൂണ്ടിക്കാട്ടിയിട്ട് സിസിലിയന്‍ തുടര്‍ന്നു:
“ആ വളവില്‍ നീ അവനെ കാത്തിരിക്കുക. എന്നിട്ടവന്റെ തല ഒരു മുട്ടത്തോട് പോലെ തകര്‍ക്കുക.” അയാള്‍ ഒരു വമ്പന്‍ ഉരുളന്‍കല്ലിന്റെ നേരെ ചൂണ്ടി.
ഒരു നല്ല ഉരുളന്‍ പാറക്കല്ലയാള്‍ തിരയാന്‍ തുടങ്ങി. എന്നിട്ടയാള്‍ പാതയുടെ വളവില്‍ നിശ്ശബ്ദനായി. ആകാംക്ഷാഭരിതനായി തന്റെ മരണക്കല്ലും കയ്യിലേന്തി കാത്തിരുന്നു. കറുത്ത മുഖംമൂടി മരിക്കുന്ന നിമിഷങ്ങളും കാത്തയാള്‍ ഇരുന്നു
“എനിക്കത് ചെയ്യാന്‍ പറ്റും. ശരി”. ഫെസിക്ക് തലയാട്ടി. അയാള്‍ ഊക്കന്‍ സാധനങ്ങള്‍ എടുത്തെറിയുന്നതില്‍ വമ്പനായിരുന്നു. “പക്ഷേ, ഈ ഒളിഞ്ഞിരുന്നെറിയല്‍ അത്ര ശരിയല്ല.” ഫെസിക്ക് വിളിച്ചുപറഞ്ഞു. സിസിലിയന് ശരിക്കും ദേഷ്യം പിടിച്ചു. സിസിലിയന് ദേഷ്യം പിടിച്ചാല്‍ സംഗതി കുഴപ്പമാണ്. എല്ലാവരേയും പോലെയല്ല സിസിലിയന്റെ ദേഷ്യം. അയാള്‍ നിശ്ശബ്ദനാവും. കണ്ണുകള്‍ കത്തും. ശബ്ദം ഒരു മരിച്ച തൊണ്ടയില്‍നിന്ന് വരുന്നതുപോലെ തോന്നും.
“ഞാന്‍ നിന്നോട് പറഞ്ഞുകഴിഞ്ഞു. അയാളെ തടയുക. നീ തോറ്റാല്‍ ഞാന്‍ യാതൊരു ദാക്ഷിണ്യവും കാണിക്കില്ല. എനിക്ക് വേറൊരു തടിയനെ സംഘടിപ്പിക്കാം”- കൂനന്‍.
“എന്നെ ഉപേക്ഷിക്കരുത്”- ഫെസിക്ക്.
“എന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്യൂ”- കൂനന്‍.
കൂനന്‍ ബട്ടര്‍കപ്പിന്റെ കൈത്തണ്ട പിടിച്ചു. എന്നിട്ടവളെ വലിച്ചിഴച്ചുകൊണ്ട് ആ മലമ്പാതയിലൂടെ അപ്രത്യക്ഷനായി.
ഫെസിക്ക് തന്റെ നേരെ ഓടിയടുക്കുന്ന രൂപത്തെ നോക്കി. ഇപ്പോഴും വളരെ അകലെത്തന്നെയാണ്. പരിശീലിക്കാന്‍ സമയം ഏറെയുണ്ട്. ഫെസിക്ക് ഒരൂക്കന്‍ കല്ലെടുത്തു. മുപ്പതുവാര അകലേക്ക് വലിച്ചെറിഞ്ഞു. പാതയുടെ ഒത്തനടുവിലത് ചെന്നു വീണു. അയാള്‍ അതിനേക്കാള്‍ വലിയൊരു കല്ലെടുത്തു. അതിന്റെ ഇരട്ടി ദൂരത്തിലേക്ക് വലിച്ചെറിഞ്ഞു. പാതയുടെ മധ്യത്തില്‍നിന്ന് രണ്ടിഞ്ചു വലത്തേക്ക് മാറിയത് വീണു. ഫെസിക്കിന് സന്തോഷമായി. മധ്യത്തിലേക്ക് ഉന്നംവെച്ചെറിഞ്ഞാലും രണ്ടിഞ്ച് മാറി വീണാലും അതൊരു തല തകര്‍ക്കും. ഒരു നല്ല ഉരുളന്‍ പാറക്കല്ലയാള്‍ തിരയാന്‍ തുടങ്ങി. എന്നിട്ടയാള്‍ പാതയുടെ വളവില്‍ നിശ്ശബ്ദനായി. ആകാംക്ഷാഭരിതനായി തന്റെ മരണക്കല്ലും കയ്യിലേന്തി കാത്തിരുന്നു. കറുത്ത മുഖംമൂടി മരിക്കുന്ന നിമിഷങ്ങളും കാത്തയാള്‍ ഇരുന്നു.
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…