പണം തിരികെ ചോദിച്ചതിന് ക്രൂരമര്‍ദ്ദനവും ജാതി അധിക്ഷേപവും; പൊലീസ് തുണച്ചില്ല, കോടതിയെ സമീപിച്ച് ദളിത് യുവതി
India
പണം തിരികെ ചോദിച്ചതിന് ക്രൂരമര്‍ദ്ദനവും ജാതി അധിക്ഷേപവും; പൊലീസ് തുണച്ചില്ല, കോടതിയെ സമീപിച്ച് ദളിത് യുവതി
നിഷാന. വി.വി
Sunday, 14th June 2026, 7:32 am

ലഖ്‌നൗ: ജാതീയമയ അധിക്ഷേപത്തിനെതിരെ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച് ദളിത് യുവതി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ ഗ്രാമതലവന്റെ പ്രതിനിധി തന്നെ ആക്രമിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും യുവതി പറയുന്നു.

എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ദളിത് യുവതി പറഞ്ഞു. ഭിതൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലാല്‍പ്പര്‍കൂര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

ദീനനാഥിന്റെ ഭാര്യയായ ലീലാവതി എന്ന യുവതിയാണ് പരാതിക്കാരി. ഗ്രാമത്തലവന്റെ പ്രതിനിധിയായ അജയ് പട്ടേല്‍ എന്ന പിന്റുവിനോട് താന്‍ മുന്‍പ് കടമായി നല്‍കിയ 30,000 രൂപ തിരികെ ചോദിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു.

പണം തിരികെ ചോദിച്ചതില്‍ പ്രകോപിതനായ പ്രതി, യുവതിയെ ജാതീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരായ സ്ത്രീകളാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആളുകള്‍ കൂടിയതോടെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് തൊട്ടുപിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി അയച്ചിട്ടും അന്വേഷണം ഉണ്ടായില്ല.

പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ യുവതി പ്രത്യേക എസ്സി/എസ്ടി കോടതിയെ സമീപിച്ചു. പരാതി ഗൗരവത്തോടെ പരിഗണിച്ച പ്രത്യേക ജഡ്ജി, പ്രതിക്കെതിരെ എസ്.സി/എസ്.സി നിയമപ്രകാരം ഉടന്‍ കേസെടുക്കാന്‍ ഭിതൗലി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതിയായ അജയ് പട്ടേലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നിയമനടപടികള്‍ ആരംഭിച്ചതായും ഭിതൗലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സത്യേന്ദ്ര കുമാര്‍ റായ് അറിയിച്ചു.

Content Highlight: Brutally tortured and casteist insulted for asking for money back; Police did not help, Dalit woman approaches court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.