ന്യൂദല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാര്ക്കെതിരായ ദല്ഹി പൊലീസിന്റെ അതിക്രമങ്ങള് വിയോജിപ്പുകളെ അടിച്ചമര്ത്താനും അധികാരികളെ ചോദ്യം ചെയ്യുന്നതില് നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം.
പൊലീസിന്റെ ഈ ക്രൂരത നാണമില്ലായ്മയുടെ അതിരുകള് ലംഘിച്ചിരിക്കുകയാണെന്നും രാഹുല് പറഞ്ഞു. ആളുകളെ ഭയപ്പെടുത്തിയും, ആഴത്തില് അപമാനിച്ചും നിശബ്ദരാക്കാനാണ് പൊലീസ് ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ജനാധിപത്യത്തിനായി ശബ്ദമുയര്ത്തുന്ന വിദ്യാര്ത്ഥികള്ക്കും സ്ത്രീകള്ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയും വസ്ത്രങ്ങള് വലിച്ചുകീറിയും സ്വകാര്യ ഭാഗങ്ങളില് മര്ദ്ദിച്ചും ദല്ഹി പോലീസ് കാണിച്ച ക്രൂരത നാണമില്ലായ്മയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു.
ആളുകളെ ഭയപ്പെടുത്തിയും, ആഴത്തില് അപമാനിച്ചും, പിന്നീട് ആരും ചോദ്യങ്ങള് ചോദിക്കാന് ധൈര്യപ്പെടാത്ത വിധം അവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്,’ രാഹുല് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാഹുല് ശക്തമായ ഭാഷയില് വിമര്ശിക്കുകയും ചെയ്തു. തങ്ങളുടെ അധികാരം നഷ്ടപ്പെടാതിരിക്കാന് യുവാക്കള്ക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ് മോദിയും അമിത് ഷായുമെന്നും രാഹുല് പറഞ്ഞു.
‘അവരുടെ കൈകളില് നിന്ന് അധികാരം നഷ്ടപ്പെട്ടാല് അവര് തോന്നിയത് പോലെ ഭരിക്കുന്ന നാളുകളും അവസാനിക്കുമെന്ന് മോദിക്കും ഷായ്ക്കും നന്നായി അറിയാം. ഈ ഭയമാണ് പോലീസിലേക്ക് പടരുന്നത്. അതാണ് രാജ്യത്തെ യുവാക്കള്ക്കും സ്ത്രീകള്ക്കും നേരെ അക്രമമായി അഴിച്ചുവിടപ്പെടന്നത്,’ രാഹുല് പറഞ്ഞു.
ദല്ഹിയില് പ്രതിഷേധങ്ങള്ക്കിടെ പൊലീസിന്റെ മര്ദനമേറ്റ വിദ്യാര്ത്ഥികള് സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും രാഹുല് എക്സ് പോസ്റ്റില് പങ്കുവെച്ചിട്ടുണ്ട്.
यौन उत्पीड़न, कपड़े खींचना और निजी अंगों पर हमला – लोकतंत्र के लिए आवाज़ उठाने वाली छात्राओं और महिलाओं के साथ दिल्ली पुलिस की बर्बरता शर्मनाक हदें पार कर रही है। यह सब आवाज़ों को दबाने की उस साजिश का हिस्सा है, जिसमें इतना डरा दो, इतना अपमानित करो कि कोई दोबारा सवाल उठाने की हिम्मत ही न करे। मोदी-शाह जानते हैं कि जिस दिन सत्ता हाथ से गई, उस दिन उनकी मनमानी की कहानी खत्म। उनका यही डर पुलिस तक पहुँचता है और हिंसा बनकर देश के युवाओं और महिलाओं पर टूट रहा है।
— Rahul Gandhi (@RahulGandhi) October 17, 2026
പൊലീസ് ഉദ്യോഗസ്ഥര് തങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ചുവെന്ന് മര്ദനമേറ്റ വിദ്യാര്ത്ഥിനികള് വീഡിയോയില് പറഞ്ഞു. കീഴ്ജീവനക്കാരോട് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കാനും ശരീരഭാഗങ്ങളില് സ്പര്ശിക്കാനും ഉന്നത ഉദ്യോഗസ്ഥര് നിര്ദ്ദേശിച്ചുവെന്നും വിദാര്ത്ഥിനികള് പറഞ്ഞു.
ഇവര് പോലീസുകാര്ക്കെതിരെ നടപടി വേണമെന്നും അവര് ആവശ്യപ്പെട്ടു. പൊലീസുകാര്ക്കെതിരെ കേസെടുക്കാന് കൂടുതല് തെളിവുകള്ക്കായി ഈ വിദ്യാര്ത്ഥികളോട് രാഹുല് ആവശ്യപ്പെട്ടു.
വിദ്യാര്ത്ഥികള്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാന് പൊലീസ് വിസമ്മതിക്കുകയാണെന്ന് രാഹുല് ഇന്നലെ ഒരു എക്സ് പോസ്റ്റില് പറഞ്ഞിരുന്നു. കേരളത്തില് നിന്നുള്ള ആതിര, രാജസ്ഥാനില് നിന്നുള്ള ഋതു എന്നീ യുവതികളുള്പ്പെടെ നിരവധി പേരെ ദല്ഹി പോലീസ് മര്ദ്ദിച്ചുവെന്നും രാഹുല് ചൂണ്ടിക്കാട്ടി.
‘ഞാന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും രാജസ്ഥാന് പി.സി.സി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതാസരയുമായും സംസാരിച്ചു. കേരളത്തില് ഇതിനകം ഒരു സീറോ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ കേരളത്തിലും രാജസ്ഥാനിലും കോടതികളിലും നിയമപരമായ എല്ലാ നടപടികളും ഞങ്ങള് സ്വീകരിക്കും,’ രാഹുല് കുറിച്ചു.
അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്ഹി പോലീസിന്റെ ഈ ക്രൂരത വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് എല്ലുകള് തകര്ക്കാന് സാധിച്ചേക്കാം, എന്നാല് ഒരു സത്യാഗ്രഹത്തെ തകര്ക്കാന് അവര്ക്കാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യയിലെ യുവജനങ്ങള്, പ്രത്യേകിച്ച് യുവതികള്, ഭയമില്ലാത്തവരും ദൃഢനിശ്ചയമുള്ളവരും ഒത്തൊരുമയുള്ളവരുമാണ്. നമ്മുടെ ജനാധിപത്യത്തിന് വേണ്ടി അവര് നിലകൊള്ളുമ്പോള്, ഞാനും അവര്ക്കൊപ്പം നില്ക്കുന്നു,’ രാഹുല് കുറിച്ചു.
Content Highlight: Brutality by cops part of conspiracy to silence voices: Rahul Gandhi slams Delhi Police
