തുടര്‍ച്ചയായ ഏഴാം സീസണിലും ബ്രൂണോ മാജിക്; പോര്‍ച്ചുഗല്‍ താരം തിളങ്ങുന്നു
Football
തുടര്‍ച്ചയായ ഏഴാം സീസണിലും ബ്രൂണോ മാജിക്; പോര്‍ച്ചുഗല്‍ താരം തിളങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th December 2025, 4:22 pm

പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മോളിനക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റെഡ് ഡെവിള്‍സിന്റെ വിജയം. പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കരുത്തിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാര്‍ വിജയം നേടിയെടുത്തത്.

മത്സരത്തില്‍ ഇരട്ട ഗോള്‍ അടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയുമാണ് ബ്രൂണോ തിളങ്ങിയത്. 25, 82 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇതോടെ ഈ സീസണിലെ തന്റെ ഗോള്‍ കോണ്ട്രിബൂഷന്‍ പത്തായി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. നിലവില്‍ താരത്തിന് ഈ സീസണില്‍ നാല് ഗോളും ആറ് അസിസ്റ്റുമാണുള്ളത്. 15 മത്സരങ്ങളില്‍ കളിച്ചാണ് താരത്തിന്റെ ഈ പ്രകടനം.

ബ്രൂണോ ഫെർണാണ്ടസ്. Photo: Manchester United/x.com

ഈ പ്രകടനത്തോടെ മറ്റൊരു സീസണിലും 10+ ഗോള്‍ കോണ്ട്രിബൂഷന്‍ നടത്താന്‍ താരത്തിന് സാധിച്ചു. ഇത് തുടര്‍ച്ചയായ ഏഴാം സീസണിലാണ് താരം ഇത്രയും ഗോള്‍ കോണ്ട്രിബൂഷന്‍ നടത്തുന്നത്. 2020ലാണ് പോര്‍ച്ചുഗല്‍ താരം യുണൈറ്റഡിലേക്ക് ചേക്കേറിയത്. ആ സീസണ്‍ മുതല്‍ 31കാരന്‍ ടീമിനായി പത്തില്‍ കൂടുതല്‍ ഗോള്‍ സംഭാവന നടത്തുന്നുണ്ട്.

ഓരോ സീസണിലെയും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ കോണ്ട്രിബൂഷനുകള്‍

(സീസണ്‍ – മത്സരം – ഗോള്‍ – അസിസ്റ്റ് എന്നീ ക്രമത്തില്‍)

2019/20 – 14 – 8 – 7

2020/21 – 37 – 18 – 12

2021/22 – 36 – 10 – 6

2022/23 – 37 – 8 – 8

2023/24 – 35 – 10 – 8

2024/25 – 36 – 8 – 10

2025/26 – 15 – 4 – 6*

അതേസമയം, മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസാണ് വോള്‍വ്സിന്റെ ഗോള്‍ വല തുളച്ചത്. 25ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടില്‍ വോള്‍വ്സ് സമനില ഗോള്‍ നേടി. ജീന്‍ റിക്‌നര്‍ ബെല്ലെഗാര്‍ ഡാണ് ഈ ഗോള്‍ നേടിയത്.

ബ്രൂണോ ഫെർണാണ്ടസ്. Photo: Manchester United/x.com

രണ്ടാം പകുതില്‍ യുണൈറ്റഡ് മൂന്ന് ഗോളുകള്‍ കൂടി അടിച്ചു. 51ാം മിനിട്ടില്‍ ബ്രയാന്‍ എംബ്യൂമോയാണ് രണ്ടാം ഗോള്‍ നേടിയത്. പിന്നാലെ 62, 82 മിനിട്ടുകളിലും ടീം ഗോള്‍ സ്‌കോര്‍ ചെയ്തു.

ഇതില്‍ ആദ്യ ഗോള്‍ നേടി മസോണ്‍ മൗണ്ടായിരുന്നു. ദി റെഡ് ഡെവിള്‍സിന്റെ അവസാന ഗോള്‍ വലയിലെത്തിച്ചത് ഫെര്‍ണാണ്ടസായിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തിയതോടെ ടീം വിജയികളായി.

 

Content Highlight: Bruno Fernandes registered 10+ goal and assists for the seventh consecutive Premier League Season