| Saturday, 15th February 2025, 3:50 pm

ചേട്ടന്‍ പാസത്തിന്റെ ഊരാക്കുടുക്ക്, അഥവാ ബ്രൊമാന്‍സ്

അമര്‍നാഥ് എം.

ജോ ആന്‍ഡ് ജോ, 18+ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് അണിയിച്ചൊരുക്കിയ ചിത്രമാണ് ബ്രൊമാന്‍സ്. ജെന്‍ സീ ആളുകള്‍ക്കിടയില്‍ ഉപയോഗിച്ചുവരുന്ന ഒരു പദപ്രയോഗമാണ് ബ്രൊമാന്‍സ്. പേര് സൂചിപ്പിക്കുന്നതുപോലെ ചേട്ടനോട് അനിയന്‍ കാണിക്കുന്ന സ്‌നേഹമാണ് സിനിമയുടെ പ്രധാന കഥ. സിനിമ ആരംഭിച്ച് 10 മിനിറ്റാകുമ്പോഴേക്ക് സഹോദരങ്ങള്‍ തമ്മിലുള്ള ബോണ്ട് വ്യക്തമാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

വളരെ ചെറിയൊരു കഥയെ അത്യാവശ്യം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ ചിലയിടത്ത് സിനിമ ഡൗണായെങ്കിലും രണ്ടാം പകുതി കൊണ്ട് അതിനെ മറികടക്കാന്‍ കഴിഞ്ഞു. തന്റെ ചേട്ടനായ ഷിന്റോയെ തപ്പി അനിയന്‍ ബിന്റോ നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. ഓരോരുത്തരുടെയടുത്തേക്ക് ചെല്ലുന്തോറും ഊരാക്കുടുക്കില്‍ പെട്ടുപോകുന്ന ബിന്റോയുടെ അവസ്ഥ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്.

ബിന്റോയെ സഹായിക്കാന്‍ എത്തുന്ന ഷബീര്‍, എത്തിക്കല്‍ ഹാക്കറായ ഹരിഹരസുതന്‍, ഡോക്ടര്‍ ഐശ്വര്യ, കൊറിയര്‍ ബാബു എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ പോക്ക്. ജെന്‍ സീ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ കളര്‍ഫുള്ളായാണ് കഥ പറയുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന എഡിറ്റിങ്ങും, സംഗീതവും സിനിമയെ നല്ലൊരു അനുഭവമായി മാറ്റുന്നുണ്ട്.

എന്നിരുന്നാലും ചില പോരായ്മകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. പെട്ടെന്ന് ദേഷ്യം വരുന്ന കഥാപാത്രത്തെയാണ് മാത്യു തോമസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വതവേ സൈലന്റായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാത്യുവിന് ബിന്റോ ഒരു വലിയ ഭാരമായി മാറുന്നുണ്ട്. ലൗഡായി പെര്‍ഫോം ചെയ്യുന്ന സീനുകള്‍ കല്ലുകടിയായി അനുഭവപ്പെട്ടു. എന്നിരുന്നാലും ഇമോഷണല്‍ സീനുകളില്‍ മാത്യുവിന്റെ പ്രകടനം മികച്ചതായിരുന്നു.

സിനിമയെ താങ്ങിനിര്‍ത്തുന്നത് സംഗീത് പ്രതാപ് അവതരിപ്പിച്ച ഹരിഹരസുതന്‍ എന്ന കഥാപാത്രമാണ്. ഹാക്കര്‍ എന്ന നിലയില്‍ സ്‌ക്രീനിലേക്കെത്തുന്ന നിമിഷം മുതല്‍ സിനിമയെ തന്റെ പേരിലാക്കാന്‍ സംഗീതിന് സാധിച്ചു. രണ്ടാം പകുതിയില്‍ കൗണ്ടര്‍ ഡയലോഗുകളുടെ പൂരമായിരുന്നു. പ്രേമലുവിലെ അമല്‍ ഡേവിസ് വെറും സാമ്പിള്‍ മാത്രമായിരുന്നുവെന്ന് ബ്രൊമാന്‍സിലെ പെര്‍ഫോമന്‍സ് തെളിയിച്ചു. ബ്രൊമാന്‍സിന്റെ നെടുംതൂണ്‍ സംഗീതിന്റെ കഥാപാത്രമാണെന്ന് സംശയമില്ലാതെ പറയാം.

അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച ഷബീര്‍ ആദ്യപകുതിയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രമായിരുന്നു. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ അര്‍ജുന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. ഡാന്‍സ് സീനില്‍ അപാര എനര്‍ജിയായിരുന്നു അര്‍ജുന്‍ കാഴ്ചവെച്ചത്. ഇത്തരം കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് അര്‍ജുന്‍ തെളിയിച്ചു.

മഹിമയുടെ കഥാപാത്രവും അത്യാവശ്യം ഫണ്ണിയായി തന്നെ അനുഭവപ്പെട്ടു. ഇടയ്ക്ക് വരുന്ന കാസര്‍ഗോഡ് സ്ലാങ്ങും അപ്രതീക്ഷിതമായി വന്ന ആക്ഷന്‍ ബ്ലോക്കും കൊണ്ട് കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ മഹിമക്ക് സാധിച്ചിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കൊറിയര്‍ ബാബുവും മികച്ചൊരു കഥാപാത്രമായിരുന്നു. ബിനു പപ്പു, ശ്യാം മോഹന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

ഗോവിന്ദ് വസന്തയുടെ സംഗീതമാണ് സിനിമയുടെ മറ്റൊരു പ്രധാന ഘടകം. സിനിമ ഡൗണാകുന്നു എന്ന് തോന്നുന്നിടത്ത് തന്റെ സംഗീതം കൊണ്ട് സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ ഗോവിന്ദ് വസന്തക്ക് സാധിച്ചു. കൊടവ വെഡ്ഡിങ് സോങ്ങിന്റെ തിയേറ്റര്‍ അനുഭവം മികച്ചതായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റിന് കൊടുത്ത സംഗീതവും നല്ല അനുഭവമായിരുന്നു. സ്വതവേ മെലഡിയസ് പാട്ടുകള്‍ മാത്രം ചെയ്യുന്ന ഗോവിന്ദ് വസന്തയില്‍ നിന്ന് ഇത്തരമൊരു ഐറ്റം പ്രതീക്ഷിച്ചില്ല.

ചമന്‍ ചാക്കോയുടെ അളന്നുമുറിച്ചുള്ള കട്ടുകളും അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു. വളരെ സിമ്പിളായിട്ടുള്ള കഥയെ കളര്‍ഫുള്ളായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. മൊത്തത്തില്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന അനുഭവമായി ബ്രൊമാന്‍സ് മാറുന്നുണ്ട്.

Content Highlight: Bromance movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more