സിനിമയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാട് മാറി; തോളില്‍ കയ്യിട്ട് സംസാരിച്ചാല്‍ പോലും തെറ്റായ ചിന്ത ഉണ്ടാകാറില്ല: ബൃന്ദ മാസ്റ്റര്‍
Malayalam Cinema
സിനിമയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാട് മാറി; തോളില്‍ കയ്യിട്ട് സംസാരിച്ചാല്‍ പോലും തെറ്റായ ചിന്ത ഉണ്ടാകാറില്ല: ബൃന്ദ മാസ്റ്റര്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 25th February 2026, 7:43 pm

തമിഴിലും മലയാളത്തിലും ബോളിവുഡിലും പ്രതിഭ തെളിയിച്ച നൃത്ത സംവിധായികയാണ് ബൃന്ദ മാസ്റ്റര്‍. തന്റെ നീണ്ട 30 വര്‍ഷത്തെ കരിയറില്‍ നിരവധി സിനിമകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ പുതുമുഖങ്ങളായി എത്തി മുന്‍നിരയില്‍ എത്തിയ താരങ്ങള്‍ക്കുവരെ നൃത്തച്ചുവടുകള്‍ ചൊല്ലിക്കൊടുത്ത ബൃന്ദാ മാസ്റ്ററര്‍ ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.

ഇപ്പോള്‍ സിനിമയില്‍ സ്ത്രീകള്‍ക്കും ബിഹൈന്‍ഡ് ദി സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അര്‍ഹമായ ബഹുമാനം കിട്ടുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ബൃന്ദ മാസ്റ്റര്‍. നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അര്‍ഹമായ അംഗീകാരം തീര്‍ച്ചയായും കിട്ടുന്നുണ്ടെന്ന് അവര്‍ പറയുന്നു.

‘വിദ്യാസമ്പന്നരായ ധാരാളം പെണ്‍കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ നൃത്തരംഗത്ത് ധാരാളം പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.

തോളില്‍ കയ്യിട്ട് സംസാരിച്ചാല്‍ പോലും മനസില്‍ തെറ്റായ ഒരു ചിന്തയും ഉണ്ടായിരിക്കയില്ല. എവിടെയോ ദൂരദേശത്ത് മാസങ്ങളോളം ഷൂട്ടിങ്ങില്‍ പങ്കെടുത്താലും, കുടുംബത്തെ കാണാന്‍ വാത്സല്യത്തോടെ വരുന്ന ആ അനുഭൂതിയെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല,’ ബൃന്ദ മാസ്റ്റര്‍ പറയുന്നു.

എല്ലാവരും ഒരു കുടുംബം പോലെയാണെന്നും എല്ലാവരെയും പോലെ തങ്ങള്‍ക്കും സ്‌നേഹവും വികാരങ്ങളുമുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ സിനിമാക്കാര്‍ ആണ്‍പെണ്‍ ഭേദമില്ലാത്ത ഒരു കുടുംബമാണെന്നും അതുകൊണ്ട് പരസ്പര ബഹുമാനവും മറ്റുള്ളവരില്‍ നിന്നുള്ള ബഹുമാനവും കെയറിങും സ്ത്രീകള്‍ക്ക് സിനിമയില്‍ കിട്ടാറുണ്ടെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.

മണിരത്‌നത്തിന്റെ ഇരുവര്‍ മുതല്‍ പൊന്നിയിന്‍ സെല്‍വന്‍ വരെയുള്ള സിനിമകളില്‍ ബൃന്ദ മാസ്റ്റര്‍ നൃത്ത സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തഗ് ലൈഫാണ് ബൃന്ദയുടേതായി ഒടുവില്‍ വന്ന സിനിമ. റാം അബ്ബരാജു സംവിധാനം ചെയ്യുന്ന നാരി നാരി നാടുമ മുരാരി എന്ന തെലുങ്ക് ചിത്രമാണ് വരാനിരിക്കുന്നത്.

Content Highlight:  Brinda Master says women are now getting the recognition they deserve in the industry

 

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.