കൈക്കൂലി കേസ്; പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
India
കൈക്കൂലി കേസ്; പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
രാഗേന്ദു. പി.ആര്‍
Sunday, 21st December 2025, 1:00 pm

ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സൈനികനെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (സി.ബി.ഐ). പ്രതിരോധ മന്ത്രാലയത്തില്‍ നിയമിതനായ ലെഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്.

പ്രതിരോധ ഉത്പാദന വകുപ്പിലെ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസറാണ് ദീപക് ശര്‍മ. പ്രതിരോധ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് സൈനികന്‍ കൈക്കൂലി കൈപ്പറ്റിയെന്നാണ് സി.ബി.ഐയുടെ വാദം.

ദീപക്കിന് പുറമെ വിനോദ് കുമാര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ (ശനി) ആണ് ഇരുവരും അറസ്റ്റിലായത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, നിയമവിരുദ്ധമായ പ്രതിഫലം സ്വീകരിക്കല്‍ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എഫ്.ഐ.ആറില്‍ ശര്‍മയുടെ പങ്കാളി കാജല്‍ ബാലിയെയും തിരിച്ചറിയാത്ത ചില വ്യക്തികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രതിരോധ കമ്പനിയുടെ നിര്‍ദേശമനുസരിച്ച് വിനോദ് കുമാര്‍ ശര്‍മയ്ക്ക് കൈക്കൂലി നല്‍കിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.

പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ വ്യാപകമായ അഴിമതിയാണ് ശര്‍മയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നതെന്നും സി.ബി.ഐ പറയുന്നു. ദുബായ് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരു ആസ്ഥാനമായാണ് നടക്കുന്നത്. രാജീവ് യാദവ്, രവ്ജിത് സിങ് എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇവര്‍ അറസ്റ്റിലായ സൈനികനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ദുബായ് കമ്പനിയ്ക്ക് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ നേടികൊടുത്തതായും ആരോപണമുണ്ട്.

വിനോദ് കുമാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്നും രാജസ്ഥാനിലെ വസതിയില്‍ നിന്നും 10 ലക്ഷം രൂപയും കുറ്റകരമായ ചില വസ്തുക്കളും പിടിച്ചെടുത്തതായും വിവരമുണ്ട്.

Content Highlight: Bribery case; Defence Ministry military officer arrested

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.