വിരാട്, നിങ്ങളെ ടെസ്റ്റ് ക്രിക്കറ്റിന് വേണം; പ്രതികരണവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം
Sports News
വിരാട്, നിങ്ങളെ ടെസ്റ്റ് ക്രിക്കറ്റിന് വേണം; പ്രതികരണവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th May 2025, 8:44 am

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍. മെയ് ഏഴിന് രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ വിരാടും സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജൂണ്‍ അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയ്ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോഹ്ലിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായുംദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീം സെലക്ഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ കോഹ്ലിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ പ്രതികരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിന് വിരാടിനെ വേണമെന്നും താരത്തെ അനുനയിപ്പിച്ച് ഈ ഫോര്‍മാറ്റില്‍ തിരികെ കൊണ്ടുവരണമെന്നും ലാറ പറഞ്ഞു.

വിരാട് തന്റെ ബാക്കിയുള്ള ടെസ്റ്റ് കരിയറില്‍ 60ന് മുകളില്‍ ശരാശരി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ലാറ പ്രതികരണമറിയിച്ചത്.

‘ടെസ്റ്റ് ക്രിക്കറ്റിന് വിരാടിനെ വേണം അവനെ അനുനയിപ്പിക്കും. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോകുന്നില്ല. @virat.kohli തന്റെ ടെസ്റ്റ് കരിയറിലെ ശേഷിക്കുന്ന കാലയളവില്‍ 60ന് മുകളില്‍ ശരാശരി നിലനിര്‍ത്തും. #testcricket #thebest,’ ബ്രയാന്‍ ലാറ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്ലി. 2011ല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്കായി 124 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

36 കാരനായ വിരാട് 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് അടിച്ചെടുത്തത്. ഈ ഫോര്‍മാറ്റിലെ തന്റെ 11 വര്‍ഷ കരിയറില്‍ താരത്തിന് 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും നേടാന്‍ സാധിച്ചിട്ടുണ്ട്.

Content Highlight: Brian Lara reacts to the rumors of Virat Kohli’s retirement from test cricket