എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ അവന് താത്പര്യമുണ്ട്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ബ്രയാന്‍ ലാറ
Sports News
എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ അവന് താത്പര്യമുണ്ട്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ബ്രയാന്‍ ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th October 2025, 8:09 am

ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് ബാറ്ററാണ് അഭിഷേക് ശര്‍മ. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ താരം ബ്രയാന്‍ ലാറ. അഭിഷേക് വ്യത്യസ്തനായ അത്ഭുത കളിക്കാരനാണെന്നും യുവരാജ് സിങ്ങിന് താരത്തെ സ്വാധീനിക്കാന്‍ സാധിച്ചെന്നും മുന്‍ വിന്‍ഡീസ് താരം പറഞ്ഞു.

മാത്രമല്ല മികച്ച വൈറ്റ്‌ബോള്‍ ക്രിക്കറ്ററാണ് അഭിഷേകെന്നും താരത്തിന് റെഡ് ബോള്‍ കളിക്കാന്‍ അതിയായ താത്പര്യമുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ഫോര്‍മാറ്റ് എങ്ങനെ കളിക്കണമെന്ന് തന്നോട് അഭിഷേക് ചോദിച്ചുവെന്നും ലാറ പറഞ്ഞു.

എസ്.ആര്‍.എച്ച് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) കാലഘട്ടത്തിലെ അഭിഷേകിനെ എനിക്കറിയാം. അവനൊരു വ്യത്യസ്തനായ അത്ഭുത കളിക്കാരനാണ്. യുവരാജിന് അവനില്‍ വലിയ സ്വാധീനമുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്റെ ബാറ്റ് വേഗതയും ഷോട്ടുകള്‍ കളിക്കുന്ന രീതിയും അമ്പരപ്പിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചും ഈ ഫോര്‍മാറ്റ് എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ചും അവന്‍ എന്നോട് സംസാരിച്ചിരുന്നു.

‘ടി-20യില്‍ അവന്‍ വിജയിച്ചു ഏകദിനത്തിലും അവന്‍ വൈകാതെ മികവ് തെളിയിക്കും, മാത്രമല്ല അഞ്ച് ദിവസത്തെ ഫോര്‍മാറ്റിനോടും അഭിഷേകിന് താത്പര്യമുണ്ട്, അത് അവനേപ്പോലുള്ള ഒരാള്‍ക്ക് വളരെ നല്ലതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവനില്‍ പുരോഗതി കാണുന്നത് വളരെ സന്തോഷകരമാണ്. എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്,’ ലാറ പറഞ്ഞു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ മാത്രമാണ് അഭിഷേക് ശര്‍മ കളിക്കുന്നത്. 24 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 36.9 എന്ന ആവറേജും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. കൂടാതെ 196.1 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭിഷേക് നേടി. ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. 78 ഫോറും 60 സിക്‌സുമാണ് ഇതുവരെ അഭിഷേകിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മാത്രമല്ല ഐ.പി.എല്ലില്‍ 77 മത്സരങ്ങളില്‍ നിന്ന് 1816 റണ്‍സ് താരം നേടിയിട്ടുണ്ട്. വൈകാതെ തന്നെ അഭിഷേക് ഇന്ത്യന്‍ ടീമിന് വേണ്ടി ഏകദിനത്തിലും ടെസ്റ്റ് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Content Highlight: Brian Lara Praises Abhishek Sharma