ഇന്ത്യ അടക്കി വാഴുന്ന ലിസ്റ്റില്‍ ഒന്നാമന്‍ സിംബാബ്‌വേയുടെ 21കാരന്‍; ട്രിപ്പിള്‍ ഫോര്‍മാറ്റ് സെഞ്ച്വറിയില്‍ ചരിത്രം
Sports News
ഇന്ത്യ അടക്കി വാഴുന്ന ലിസ്റ്റില്‍ ഒന്നാമന്‍ സിംബാബ്‌വേയുടെ 21കാരന്‍; ട്രിപ്പിള്‍ ഫോര്‍മാറ്റ് സെഞ്ച്വറിയില്‍ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st October 2025, 8:50 pm

 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററായി സിംബാബ്‌വന്‍ യുവതാരം ബ്രയന്‍ ബെന്നറ്റ്.

ടി-20 ലോകകപ്പിലെ അഫ്രിക്കന്‍ ക്വാളിഫയറില്‍ കഴിഞ്ഞ ദിവസം ടാന്‍സാനിയക്കെതിരെ നെടിയ സെഞ്ച്വറിക്ക് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെന്നറ്റ് മാറിയത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

ബ്രയന്‍ ബെന്നറ്റ് – സിംബാബ്‌വേ – 21 വയസും 324 ദിവസവും

അഹമ്മദ് ഷഹസാദ് – പാകിസ്ഥാന്‍ – 22 വയസും 127 ദിവസവും

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 23 വയസും 146 ദിവസവും

സുരേഷ് റെയ്‌ന – ഇന്ത്യ – 23 വയസും 241 ദിവസവും

കെ.എല്‍. രാഹുല്‍ – ഇന്ത്യ – 131 ദിവസവും

കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ 60 പന്തില്‍ 111 റണ്‍സാണ് താരം അടിച്ചെടുത്തത്. 15 ഫോറും രണ്ട് സിക്‌സറും അടക്കം 185.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ബെന്നറ്റിന്റെ കരുത്തില്‍ സിംബാബ്‌വേ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് സ്വന്തമാക്കുകയും 113 റണ്‍സിന്റെ വിജയം പിടിച്ചടക്കുകയും ചെയ്തു. ബെന്നറ്റ് തന്നെയാണ് കളിയിലെ താരവും.

2024 ജൂലൈ 25ന് അയര്‍ലന്‍ഡിനെതിരെയാണ് ബെന്നറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ താരം സെഞ്ച്വറി നേടുകയും ചെയ്തു. ബുലവായോയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ 110 റണ്‍സാണ് ബെന്നറ്റ് അടിച്ചെടുത്തത്.

ഈ വര്‍ഷം ഏപ്രില്‍ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ താരം കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 139 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ വര്‍ഷം തന്നെയാണ് ബെന്നറ്റ് ഏകദിനത്തിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 14ന് ഹരാരെയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 169 റണ്‍സാണ് താരം അടിച്ചെടുത്തത്.

ബെന്നറ്റിന്റെ കരുത്തില്‍ സിംബാബ്‌വേ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയ ഷെവ്‌റോണ്‍സ് അയര്‍ലന്‍ഡിനെ 250ന് പുറത്താക്കി. ബെന്നറ്റ് തന്നെയായിരുന്നു കളിയിലെ താരവും.

 

Content Highlight: Brian Bennet becomes the youngest player to score century in all formats