2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
പല രാജ്യങ്ങളും കിരീടം ചൂടി ലോകത്തിന്റെ നെറുകയിലെത്തുമ്പോള്‍ പല ടീമുകളുടെയും കണ്ണീരിന് കൂടി ലോകകപ്പ് വേദിയാകാറുണ്ട്. ഓരോ രാജ്യങ്ങളും ലോകം കീഴടക്കുകയെന്ന സ്വപ്നവുമായി ലോകകപ്പിലെത്തുമ്പോള്‍ പല ടീമുകളും താരങ്ങളും നിരാശയുടെ ചരിത്രം കൂടി ലോകകപ്പില്‍ അടയാളപ്പെടുത്തും. അത്തരത്തിലൊരു നിമിഷത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായിട്ടുണ്ട്.
2022 ഖത്തര്‍ ലോകകപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡ്-കാമറൂണ്‍ മത്സരത്തിലായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നിരുന്നത്. ഖത്തര്‍ ലോകകപ്പിലെ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് കാമറൂണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമായിരുന്നു സ്വിസ് ടീം കൈവരിച്ചത്.
ബ്രീല്‍ എംബോളോയുടെ ഗോളിന്റെ കരുത്തിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് വിജയിച്ചത്. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി ?ഗോള്‍ നേടിയെങ്കിലും എംബോളോക്ക് അതില്‍ ആഹ്ലാദിക്കാനായിരുന്നില്ല. കാരണം ജന്മം കൊണ്ട് കാമറൂണ്‍കാരനായ താരത്തിന് നാടിനെതിരെ ലോകകപ്പ് വേദിയില്‍ കളിക്കേണ്ടി വന്നത് സങ്കടകരമായ കാര്യമായിരുന്നു.
ബ്രീല്‍ എംബോളോ
സ്വിറ്റ്സര്‍ലാഡിനായി വിജയഗോള്‍ നേടിയപ്പോള്‍ ആഘോഷിക്കുന്നതിന് പകരം മുഖം പൊത്തി നില്‍ക്കുകയായിരുന്നു എംബോളോ. എംബോളയുടെ ജനനം കാമറൂണിലായിരുന്നു. പിന്നീട് താരം 2010ല്‍ മാതാവിനും സഹോദരനുമൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോവുകയായിരുന്നു. 2014ല്‍ സ്വിസ് പൗരത്വം ലഭിച്ചു. സ്വിറ്റ്സര്‍ലാഡിനായി ഇതുവരെ 85 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 23 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
ഇത്തവണത്തെ ലോകകപ്പിലും എംബോളോ സ്വിറ്റ്സര്‍ലാഡിനായി ബൂട്ട് കെട്ടുന്നുണ്ട്. ഗ്രൂപ്പ് ബി-യിലാണ് സ്വിസ് ടീം ഇടം നേടിയിരിക്കുന്നത്. സ്വിറ്റ്സര്‍ലാഡിനൊപ്പം കാനഡ, ഖത്തര്‍, ബോസ്‌നിയ എന്നീ ടീമുകളുമാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ജൂണ്‍ 14ന് ഖത്തറിനെതിരെയാണ് സ്വിറ്റ്സര്‍ലാഡിന്റെ ആദ്യ മത്സരം.
എന്നാല്‍ ഇത്തവണ എംബോളോയുടെ ജന്മനാടായ കാമറൂണിന് ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. ആഫ്രിക്കന്‍ വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ഗ്രൂപ്പ് ഡി-യില്‍ രണ്ടാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ഫിനിഷ് ചെയ്തിരുന്നത്. ക്യാപ് വെര്‍ദെക്ക് പുറകിലായിരുന്നു കാമറൂണിന്റെ സ്ഥാനം.
Content Highlight: Breel Embolo unforgettable moment in FIFA world cup 2022