ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും പരിക്കിക്ക്. ബ്രസീലിയന്‍ ക്ലബ്ബായ റോയല്‍ സാന്റോസിനു വേണ്ടി കളിക്കളത്തില്‍ തിരിച്ചെത്തി വെറും 34 മിനിട്ടിനുള്ളില്‍ തന്നെ താരത്തിന് പരിക്ക് പറ്റുകയായിരുന്നു. ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം വ്യക്തമാക്കിയത്.
സീരി എയില്‍ അത്‌ലറ്റിക്കോ മിനെയ്‌റോയുമായുള്ള മത്സരത്തിലാണ് നെയ്മറിന് വീണ്ടും തിരിച്ചടി ലഭിച്ചത്. മത്സരത്തില്‍ സാന്റോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും സൂപ്പര്‍ താരം പുറത്തായതിന്റെ നിരാശ ക്ലബ്ബിനുണ്ട്.
2024 സീസണില്‍ അല്‍ ഹിലാലിനൊപ്പം പ്രതിവര്‍ഷം 104 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന താരമായിരുന്ന നെയ്മറിന് പരിക്കുകള്‍ കാരണം ടീമില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിച്ചുള്ളു. ശേഷം ക്ലബ് വിട്ട താരം സാന്റോസില്‍ എത്തുകയായിരുന്നു.
Neymar made his return from injury on Sunday night vs. Fluminense, playing in his first Brasileirão match since 2013 🇧🇷 pic.twitter.com/jPxPU0ES7G
2023 ഒക്ടോബറില്‍ ബ്രസീലിനു വേണ്ടിയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്റെ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടുകയും പിന്നീട് 2024 അവസാനത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു ഹാംസ്ട്രിങ് പ്രശ്നം അനുഭവപ്പെടുകയും ചെയ്തു. നിലവില്‍ നിരന്തരമായ പരിക്കുകള്‍ താരത്തിന്റെ ഫുട്‌ബോള്‍ കരിയറിനെതന്നെ വിടാതെ പിടിച്ചിരിക്കുകയാണ്.
അതേസമയം സാന്റോസിന് വേണ്ടി 24ാം മിനിട്ടില്‍ ജോസ് ഇവാല്‍ഡോ അല്‍നെയ്ദ സില്‍വ ഗോള്‍ നേടിയപ്പോള്‍ അല്‍വാരോ ബരേല്‍ 27ാം മിനിട്ടിലും ഗോള്‍ നേടി. മത്സരത്തില്‍ ഇരുടീമിനും മൂന്ന് വീതം മഞ്ഞ കാര്‍ഡാണ് ലഭിച്ചത്.
അത്‌ലറ്റിക്കോ ഒരു പടി മുന്നില്‍ കളിച്ചെങ്കിലും കൃത്യമായ ഗെയിം പ്ലാനിലൂടെ സാന്റോസ് എതിരാളികളെ തളയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ അറ്റാക്കിങ് ഗെയ്മിലൂടെ ടീമിന് ലീഡ് നേടിത്തരാന്‍ മുന്‍ നിര താരങ്ങള്‍ക്ക് സാധിച്ചു.
Content Highlight: Brazilian football star Neymar Jr. injured again